ഊട്ടിയിലേക്കും ചെന്നൈയിലേക്കും സർവീസുമായി കെഎസ്ആർടിസി സ്വിഫ്റ്റ്; ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

single-img
17 May 2022

ഇതാദ്യമായി കേരളത്തിൽ നിന്നും ചെന്നൈയിലേക്കും ഊട്ടിയിലേക്കും സർവീസുകൾ ആരംഭിക്കാൻ കെഎസ്ആർടിസി സ്വിഫ്റ്റ് ഒരുങ്ങുന്നു . ആദ്യഘട്ടത്തിൽ രണ്ട് നോൺ എസി സീറ്റർ ബസുകളാണ് തിരുവനന്തപുരത്തു നിന്നും ഊട്ടിയിലേക്ക് സർവീസ് നടത്തുന്നത്. അതേസമയം, എറണാകുളത്തു നിന്നാണ് ചെന്നൈ എ സി സീറ്റർ ബസുകൾ സർവീസ് ആരംഭിക്കുന്നത്.

തിരുവനന്തപുരം – ഊട്ടി സർവീസ് തിരുവനന്തപുരത്തുനിന്ന് വൈകിട്ട് 6.30ന് ആരംഭിച്ച് കൊട്ടാരക്കര, കോട്ടയം, പെരുമ്പാവൂർ, തൃശൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, ഗൂഡല്ലൂർ വഴി രാവിലെ 5.30ന് ഊട്ടിയിലെത്തിച്ചേരും. തിരികെ രാത്രി ഏഴിന് ആരംഭിച്ച് ഇതേ റൂട്ടിലൂടെ പിറ്റേന്ന് പുലർച്ച 6.05ന് തിരുവനന്തപുരത്തെത്തും. ഇതിന് 691രൂപയാണ് ടിക്കറ്റ് നിരക്ക്.

രണ്ടാമത്തെ തിരുവനന്തപുരം – ഊട്ടി സർവീസ് തിരുവനന്തപുരത്തുനിന്നും രാത്രി എട്ടിന് പുറപ്പെട്ട് ആലപ്പുഴ, എറണാകുളം, തൃശൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, ഗൂഡല്ലൂർ വഴി രാവിലെ 7.20ന് ഊട്ടിയിലെത്തിച്ചേരും. തിരികെ രാത്രി എട്ടിന് സർവിസ് ആരംഭിച്ച് ആലപ്പുഴ വഴി 7.20ന് തിരുവനന്തപുരത്തെത്തും. 711 രൂപയാണ് ടിക്കറ്റ് നിരക്ക്.

അതേസമയം, എറണാകുളം -ചെന്നൈ (എസി) സർവീസ് എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽനിന്നും രാത്രി 7.45ന് പുറപ്പെട്ട് എട്ടിന് വൈറ്റില ഹബിൽനിന്ന് തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം വഴി രാവിലെ 8.40ന് ചെന്നൈയിലെത്തും. തിരികെ ചെന്നൈയിൽനിന്ന് രാത്രി എട്ടിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.40ന് എറണാകുളത്തെത്തും. ഇതിന് 1351 രൂപയാണ് ടിക്കറ്റ് നിരക്ക്.