ശ്രീലങ്കയിൽ വിമാനങ്ങളും വിൽപ്പനയ്ക്ക്; കൂടുതൽ നോട്ടുകൾ അച്ചടിച്ച് ശമ്പളം നൽകും; പുതിയ തീരുമാനങ്ങളുമായി റനിൽ വിക്രമസിം​ഗെ സർക്കാർ

single-img
17 May 2022

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും എങ്ങിനെയും കരകയറാൻ വിമാനങ്ങൾ വിൽക്കാനൊരുങ്ങി ശ്രീലങ്കൻ സർക്കാർ. സർക്കാരിന്റെ കീഴിലുള്ള ശ്രീലങ്കൻ എയർലെെൻസ് സ്വകാര്യ കമ്പനികൾക്ക് വിൽക്കാനാണ് റനിൽ വിക്രമസിം​ഗെയുടെ പുതിയ സർക്കാരിന്റെ തീരുമാനം. ഇതോടൊപ്പം തന്നെ രാജ്യത്തിന്റെ ധനസ്ഥിതി സുസ്ഥിരപ്പെടുത്തുന്നതിന്റെ ഭാ​ഗമായി കൂടുതൽ നോട്ടുകൾ അച്ചടിച്ച് ശമ്പളം നൽകാനും അധികൃതർക്ക് സർക്കാർ നിർദേശം നൽകി.

ശ്രീലങ്കൻ ജനതയെ അഭിസംബോധന ചെയ്തുകൊണ്ട് ടെലിവിഷനിൽ സംപ്രേഷണം ചെയ്ത പരിപാടിയിലാണ് പുതിയ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വിദേശ രാജ്യങ്ങളിൽ നിന്നുള്ള നിന്നുള്ള കടത്തിനുമേൽ കുടിശ്ശികയിനത്തിൽ മാത്രമായി 124 ദശലക്ഷം ഡോളർ 2021 മാർച്ചിൽ മാത്രം നഷ്ടപ്പെട്ടതായി അദ്ദേഹം കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

ഇതുവരെ വിമാനങ്ങളിൽ കാലുകുത്താത്ത പാവപ്പെട്ടവരിൽ പാവപ്പെട്ടവർ ഈ നഷ്ടം സഹിക്കേണ്ടിവരില്ല എന്ന് പറഞ്ഞാണ് വിക്രമസിം​ഗെ എയർലെെൻ വിൽപന നടത്തുന്നതിനെക്കുറിച്ചുള്ള തീരുമാനം അറിയിച്ചത്. ഇതോടൊപ്പം തന്നെ ശ്രീലങ്കയുടെ കറൻസിയെ സമ്മർദത്തിലാക്കുമെന്ന് അറിയാമെങ്കിലും കൂടുതൽ പണം അച്ചടിച്ച് ശമ്പളം നൽകാൻ താൻ നിർബന്ധിതനായിരിക്കുകയാണെന്നും വിക്രമസിം​ഗെ അറിയിക്കുകയായിരുന്നു.

ഇനി കേവലം ഒരുദിവസത്തെ ആവശ്യത്തിനുള്ള പെട്രോൾ സ്റ്റോക്ക് മാത്രമെ രാജ്യത്തിന്റെ കയ്യിലുള്ളുവെന്ന് പറഞ്ഞ അദ്ദേഹം ശ്രീലങ്കൻ തീരത്ത് അടുക്കുന്ന മൂന്ന് കപ്പൽ ക്രൂഡ് ഓയിലിന് വില നൽകുന്നതിനായി ഓപ്പൺ മാർക്കറ്റിൽ നിന്ന് പണം കണ്ടെത്താൻ സർക്കാർ ശ്രമിക്കുകയാണെന്നും കൂട്ടിച്ചേർത്തു.