സിൽവർലൈൻ കല്ലിടൽ പൂർണ്ണമായി നിർത്തിയിട്ടില്ല; ഉത്തരവ് സാങ്കേതികം മാത്രം: മന്ത്രി കെ രാജൻ

single-img
16 May 2022

സിൽവർ ലൈൻ പദ്ധതി നടപ്പാക്കാനുള്ള ആദ്യ ഘട്ടത്തിലെ അതിരടയാള കല്ലിടൽ പൂർണ്ണമായി നിർത്തിയിട്ടില്ലെന്ന് റവന്യുമന്ത്രി കെ രാജൻ അറിയിച്ചു. പദ്ധതിക്കായി സ്ഥലം ഉടമയുടെ അനുമതിയുണ്ടെങ്കിൽ കല്ലിടാം. ജിയോ ടാഗ് സംവിധാനം ഉപയോഗിച്ചും അടയാളമിടാമെന്ന് പറഞ്ഞ മന്ത്രി, ഉത്തരവ് സാങ്കേതികം മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, സില്‍വര്‍ലൈന്‍ പദ്ധതിക്കായി നിര്‍ബന്ധിതമായി അതിരടയാള കല്ലിടുന്നതാണ് ഇന്ന് സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചത്. സാമൂഹിക ആഘാത പഠനത്തിനായി ഇനി മുതല്‍ ജിപിഎസ് സംവിധാനവും ഉപയോഗിക്കും. ഇതുമായി ബന്ധപ്പെട്ട് റവന്യുവകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.

സില്‍വര്‍ ലൈന്‍ പദ്ധതി സർക്കാർ ഉപേക്ഷിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും പറഞ്ഞു. പദ്ധതിയുടെ വിജയത്തിനായി പ്രതിപക്ഷം സഹകരികരിക്കുമോ എന്ന് വ്യക്തമാക്കണമെന്ന് പറഞ്ഞ ഇ പി ജയരാജന്‍, കല്ലിടലില്‍ സര്‍വേ രീതി മാത്രമാണ് മാറിയതെന്നും കൂട്ടിച്ചേർത്തു.