ബി ജെ പി ലക്‌ഷ്യം വയ്കുന്ന പള്ളികളുടെ ലിസ്റ്റ് പുറത്ത് വിടണം: മെഹബൂബ മുഫ്തി

single-img
16 May 2022

ബി ജെ പി ഇപ്പോള്‍ മുസ്‌ളീം പള്ളികളുടെ പിറകെയാണെന്നും അവർ ലക്ഷ്യമാക്കുന്ന പള്ളികളുടെ ലിസ്റ്റ് പുറത്ത് വിടണമെന്നും കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റുമായ മെഹബൂബ മുഫ്തി. രാജ്യത്തെ എല്ലാ ആരാധനാലയങ്ങളും നിങ്ങള്‍ സ്വന്തമാക്കിയാല്‍ എങ്ങനെ ശരിയാകുമെന്നും അവര്‍ ചോദിച്ചു.

ഇന്ന് ഗ്യാന്‍വാപി മസ്ജിദ് വിഷയവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. യുപിയിൽ വാരണസിയിലെ കാശി വിശ്വനാഥ ക്ഷേത്രം – ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിന്റെ വീഡിയോഗ്രാഫി സര്‍വേ തിങ്കളാഴ്ചയാണ് അവസാനിച്ചത്. മാത്രമല്ല, മസ്ജിദിനുള്ളിലെ കിണറ്റില്‍നിന്നും ശിവലിംഗം കണ്ടെത്തിയെന്ന അഭിഭാഷകന്റെ പരാതിയെ തുടര്‍ന്ന് മസ്ജിദിന്റെ ഒരു ഭാഗം അടച്ചിടാന്‍ കോടതി ഉത്തരവിറക്കിയിട്ടുണ്ട്.

ഇവിടേക്ക് വീഡിയോ സര്‍വേക്കെത്തിയ കമ്മീഷന്‍ മസ്ജിദില്‍ അംഗ സ്‌നാനം നടത്താന്‍ ഉപയോഗിച്ചിരുന്ന കിണറ്റിലെ വെള്ളം വറ്റിച്ചിരുന്നു. അപ്പോൾ ഇവിടെ ശിവലിംഗം കണ്ടെത്തി എന്നാണ് പരാതിക്കാരനായ അഭിഭാഷകന്റെ വാദം. ഈ ശിവലിംഗം സംരക്ഷിക്കാന്‍ കോടതിയെ സമീപിച്ചിട്ടുള്ളതായി അഭിഭാഷകന്‍ അറിയിച്ചതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.