പാവം മൃഗമെന്ന് പാഠപുസ്തകത്തിൽ വായിച്ച പശുവിനെ ഭയപ്പെടുത്തുന്ന മൃഗമാക്കി മാറ്റിയത് ആരാണെന്ന് ഓർക്കണം: എം മുകുന്ദൻ

single-img
16 May 2022

പശുവിനെ തൊട്ടാൽ ഇപ്പോൾ നാട്ടിൽ കലാപമുണ്ടാകുന്ന അവസ്ഥയാണെന്ന് പ്രശസ്ത എഴുത്തുകാരൻ എം മുകുന്ദൻ. ഒരു പാവം മൃഗമാണെന്ന് പാഠപുസ്തകത്തിൽ വായിച്ച പശുവിനെ ഇപ്പോൾ ഭയപ്പെടുത്തുന്ന മൃഗമാക്കി മാറ്റിയത് ആരാണെന്ന് ഓർക്കണമെന്നും അദ്ദേഹം കെ എസ് ടി എ സംസ്ഥാന അധ്യാപക കലോത്സവം കാരപ്പറമ്പ് ജിഎച്ച്എസ്.എസ്സിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പറഞ്ഞു.

ഭക്ഷണത്തിനു വേണ്ടി മൃഗങ്ങളെ കൊല്ലുന്നതിൽ പശുവിന് മാത്രം ഇളവ് ലഭിക്കുന്നത് ശരിയല്ലെന്നും വെട്ടുന്നില്ലെങ്കിൽ ഒന്നിനെയും വെട്ടരുതെന്ന നടി നിഖില വിമലിന്റെ പ്രസ്താവനയെ പിന്തുണച്ച അദ്ദേഹം ഒരു സ്ത്രീ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാവുന്നതാണ് തന്റെ സ്വപ്നമെന്നും കൂട്ടിച്ചേർത്തു.

ഇനി ഒരു ജന്മമുണ്ടെങ്കിൽ മലയാളിയായി ജനിച്ച് ഇവിടെ തന്നെ ജീവിക്കാനാണ് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷിതമായ കേരളത്തെ പിന്നോട്ട് വലിക്കാനാണ് പലരും ശ്രമിക്കുന്നതെന്നും അതിനെ ശക്തമായി പ്രതിരോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അധ്യാപകരുടെ സൃഷ്ടിയാണ് കേരളമെന്നാണ് കരുതുന്നതെന്നും അധ്യാപകൻ പൂർണമാകണമെങ്കിൽ ഇടതു മനസുള്ളവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ എസ്ടി എ അധ്യാപക കലോത്സവത്തിന്റെ ലോഗോയും സപ്ലിമെന്റും അദ്ദേഹം പ്രകാശനം ചെയ്തു.