ജീവിതത്തില്‍ അഴിമതി നടത്തിയിട്ടില്ല, അതുകൊണ്ടുതന്നെ ഭയവുമില്ല: രാഹുൽ ഗാന്ധി

single-img
15 May 2022

കോൺഗ്രസ് പാർട്ടിയുടെ ദേശീയ തലത്തിൽ നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കാന്‍ പദവി നോക്കാതെ കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളിലേക്ക് ഇറങ്ങിചെല്ലണമെന്ന് രാഹുല്‍ ഗാന്ധി. ബിജെപിയ്ക്കും ആര്‍എസ്എസിനുമെതിരായ പോരാട്ടമാണ് തന്റെ ജീവിതമെന്നും രാഹുൽ പറഞ്ഞു.

ഇതുവരെ ജീവിതത്തില്‍ അഴിമതി നടത്തിയിട്ടില്ല, അതുകൊണ്ടുതന്നെ ഭയമില്ല. സത്യത്തിനായുളള പോരാട്ടത്തില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. കോൺഗ്രസ് നേതാക്കള്‍ എല്ലാവരും ജനങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കാന്‍ കുറുക്കുവഴികളില്ല, അതിനായി വിയര്‍പ്പൊഴുക്കണം.

കോൺഗ്രസ് പാർട്ടിയുടെ മുന്നോട്ടുപോക്കിന് കര്‍മപദ്ധതി തയാറാണ്. യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്നും രാഹുൽ പറഞ്ഞു. ബിജെപി ഭരണകൂട സ്ഥാപനങ്ങളെ ആസൂത്രിതമായി തകര്‍ക്കുന്നതായും പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു. ബിജെപി കയ്യൂക്ക് കൊണ്ട് ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.