സമസ്തയുടെ നിലപാട് ലീഗിന് പോലും അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ ആര്‍ക്കാണ് അംഗീകരിക്കാന്‍ കഴിയുക: കെടി ജലീൽ

single-img
15 May 2022

വിദ്യാര്‍ത്ഥിനി പൊതുവേദിയിൽ പ്രവേശിക്കുന്നതിനെ സമസ്ത സെക്രട്ടറി എം ടി അബ്ദുള്ള മുസ്ലിയാര്‍ വിലക്കിയ സംഭവത്തില്‍ പ്രതികരണവുമായി കെ ടി ജലീല്‍. സമസ്ത സ്വീകരിച്ച നയം മുസ്ലീം ലീഗ് പാര്‍ട്ടി നിലപാടായി സ്വീകരിക്കുമോയെന്ന് തവനൂര്‍ എംഎല്‍എയായ ജലീൽ ചോദിച്ചു.

സമസ്ത നേതാവ് പറഞ്ഞതാണ് ശരിയായ നിലപാടെന്ന് അംഗീകരിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് പൊതുവേദിയില്‍ സമ്മാനം കൊടുക്കില്ലെന്ന് മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ പറയുമോയെന്നും കെ ടി ജലീല്‍ ചോദിക്കുന്നു.

കെടി ജലീലിന്റെ വാക്കുകൾ ഇങ്ങിനെ: ”സമസ്തയുടെ ആ നിലപാട് അംഗീകരിക്കുന്നവര്‍ ആരുണ്ട്. മുസ്ലീംലീഗ് സമസ്തയുടെ ആ നിലപാട് അംഗീകരിക്കുമോ. ഒരിക്കലുമെനിക്ക് തോന്നുന്നില്ല. കാരണം ലീഗ് രാഷ്ട്രീയപാര്‍ട്ടിയാണ്. വനിതാ സംഘടനയുണ്ട്. ലീഗും സമസ്തയും ഒരേ സമയമായിട്ടുള്ള നേതാക്കന്‍മാര്‍ വനിതാ ലീഗിന്റെ നേതാക്കളുമായി വേദി പങ്കിട്ടുണ്ട്.

സമസ്തയുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന മുസ്ലീംലീഗ് എന്ന രാഷ്ട്രീയപാര്‍ട്ടിക്ക് പോലും സമസ്തയുടെ ഈ നിലപാടിനെ അംഗീകരിക്കാനോ അംഗീകരിച്ച് പ്രവര്‍ത്തിക്കാനോ സാധിച്ചിട്ടില്ല. ലീഗിന് സാധിക്കാത്തത് എങ്ങനെ ഈ രാജ്യത്ത് സമസ്ത മറ്റു പാര്‍ട്ടികളില്‍ അങ്ങനെയൊക്കെ നടക്കണമെന്ന് ആഗ്രഹിക്കാന്‍ പോലും കഴിയില്ലല്ലോ.” ”സമസ്തയെ അനുകൂലിക്കുന്നവര്‍ മറ്റ് പാര്‍ട്ടികളിലുമുണ്ട്. ലീഗിന് പോലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യം. ആ സ്‌റ്റേജില്‍ ആരാണ് സമ്മാനം കൊടുത്തത്. മുസ്ലീംലീഗിന്റെ ജില്ലാ പ്രസിഡന്റാണ്. അബ്ബാസ് അലി ശിഹാബ് തങ്ങള്‍. ആ പെണ്‍കുട്ടിക്ക് സമ്മാനം കൊടുത്തത് അബ്ബാസ് അലി ശിഹാബ് തങ്ങളാണ്.”

ഞാന്‍ ലീഗിന്റെ നേതാക്കന്‍മാരോട് ഒരു കാര്യം ചോദിക്കട്ടേ. ഇത് ശരിയായിട്ടുള്ള സമീപനമാണെങ്കില്‍ അവരെ ഇനി മേലില്‍ മുസ്ലീംലീഗിന്റെ ഒരു നേതാവും പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിക്ക് പൊതുവേദിയില്‍ വച്ച് സമ്മാനം കൊടുക്കില്ല. അതാണ് ഇസ്ലാമികമായിട്ടുള്ള വിധി, ഞങ്ങള്‍ അംഗീകരിക്കുന്ന സമസ്തയുടെ ഔദ്യോഗിക അഭിപ്രായം അതാണ്. എന്ന നിലയില്‍ ഒരു തീരുമാനം എടുക്കാന്‍ സാധിക്കുമോ മുസ്ലീംലീഗിന്. ലീഗിന് പോലും സ്വീകര്യമല്ലാത്ത ഒരു നിലപാടാണ് യഥാര്‍ത്ഥത്തില്‍ ഈ ഉസ്താദ് സമസ്തയുടേതെന്ന പേരില്‍ പ്രകടിപ്പിച്ചത്.

ഈ നിലപാട് ലീഗിന് പോലും അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ ആര്‍ക്കാണ് അംഗീകരിക്കാന്‍ കഴിയുക. പാണക്കാട് കുടുംബത്തിന് അംഗീകരിക്കാന്‍ സാധിക്കുമോ. പാണക്കാട് കുടുംബവും സമസ്തയും വളരെ അഭേദ്യബന്ധമാണ്. ഇനി മുതല്‍ സാദിഖലി ശിഹാബ് തങ്ങളോ അബ്ബാസ് അലി ശിഹാബ് തങ്ങളോ മുനവ്വറലി ശിഹാബ് തങ്ങളോ പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിക്ക് പൊതുവേദിയില്‍ വച്ച് സമ്മാനം കൊടുക്കില്ലെന്ന് പറയാന്‍ ലീഗ് നേതാക്കള്‍ക്ക് കഴിയുമോ. ഇതാണ് ഞാന്‍ പറഞ്ഞത്. ഒരാള്‍ക്കും സ്വീകര്യമല്ലാത്ത ഈ നിലപാട് തിരുത്തപ്പെടണം. സമസ്ത തന്നെ അതിന് മുന്‍കൈ എടുക്കുമെന്നാണ് എനിക്ക് തോന്നുന്നത്.’