നേപ്പാളിലെ നിശാക്ലബ്ബ് സന്ദര്‍ശനം: റിസോര്‍ട്ടിലേക്ക് താമസം മാറ്റി രാഹുല്‍ ഗാന്ധി

single-img
4 May 2022

കോൺഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡു നിശാക്ലബ്ബിലെ സന്ദര്‍ശനം മാധ്യമങ്ങളിലും സോഷ്യല്‍മീഡിയയിലും വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇത് വിവാദമായ ശേഷം പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് രാഹുൽ ​ഗാന്ധി താമസം മാറ്റിയെന്നാണ് റിപ്പോർട്ട്.

കാഠ്മണ്ഡുവിലെ താഴ്‌വരയിലെ റിസോര്‍ട്ടിലേക്കാണ് രാഹുല്‍ താമസം മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിമാലയന്‍ മലനിരകളുടെ കാഴ്ചകളുടെ പേരില്‍ പ്രശസ്തമായ ടെറസ് റിസോര്‍ട്ടിലേക്കാണ് രാഹുലും സുഹൃത്തുക്കളും താമസം മാറ്റിയത്. രാഹുലിന്റെ നേപ്പാളി സുഹൃത്തായ സുമ്‌നിമ ഉദാസിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ റിസോര്‍ട്ട്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് രാഹുല്‍ സുമ്‌നിമ ഉദാസിന്റെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാനായി കാഠ്മണ്ഡുവിലെത്തിയത്. ആ ദിവസം രാത്രി നിശാക്ലബ്ബില്‍ ഒരു സ്ത്രീക്കൊപ്പം രാഹുലും നില്‍ക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് കാഠ്മണ്ഡു സന്ദര്‍ശനം ചര്‍ച്ചയായത്. ഈ സ്ത്രീ നേപ്പാളിലെ ചൈനീസ് അംബാസഡര്‍ ഹൗ യാങ്കിയാണെന്നായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ ആരോപണം.

പക്ഷെ ബിജെപിയുടെ വാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും വധുവിന്റെ ബന്ധുവായ സ്ത്രീയാണ് രാഹുലിനൊപ്പമുണ്ടായിരുന്നതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ചത്തെ വിവാഹ റിസപ്ഷന്‍ കഴിഞ്ഞശേഷമേ രാഹുല്‍ കാഠ്മണ്ഡുവില്‍ നിന്ന് മടങ്ങുകയുള്ളൂയെന്നാണ് വിവരങ്ങള്‍.