ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നതില്‍ എഎംഎംഎയ്ക്ക് എതിര്‍പ്പില്ല: സിദ്ദിഖ്

single-img
4 May 2022

സർക്കാരിന്റെ കൈവശമുള്ള ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പുറത്തു വിടുന്നതില്‍ തങ്ങൾക്ക് എതിര്‍പ്പില്ലെന്ന് അഭിനേതാക്കളുടെ സംഘടനയായി ‘ എഎംഎംഎ’. സര്‍ക്കാരിന്റെ 90% നിര്‍ദ്ദേശങ്ങളോടും സംഘടന യോജിക്കുന്നതായും ഈ വിഷയത്തില്‍ പ്രത്യേക നിര്‍ദേശങ്ങള്‍ വെയ്ക്കാനില്ലെന്നും ട്രഷറര്‍ സിദ്ദിഖ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ തങ്ങള്‍ക്ക് നിരാശയില്ലെന്നും സംഘടനയുടെ ഭാരവാഹികള്‍ വ്യക്തമാക്കി. ‘ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടോ കണ്ടെത്തലുകളോ പുറത്തുവിടുന്നതില്‍ എതിര്‍പ്പില്ല. ഇക്കാര്യത്തില്‍ സംഘടനയ്ക്ക് അനുകൂല മനസ്സാണുള്ളത്. റിപ്പോര്‍ട്ട് പുറത്തുവിടണോയെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളില്‍ 10 ശതമാനത്തില്‍ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്ന് തോന്നുന്നു. കമ്മിറ്റി രൂപീകരിച്ചത് തന്നെ ഡബ്ല്യുസിസിയുടെ ആവശ്യപ്രകാരമാണ്. അതുകൊണ്ടു തന്നെ കൂടുതല്‍ നിര്‍ദേശങ്ങള്‍ വെക്കാനുള്ളതും അവര്‍ക്കാണെന്നും സിദ്ധിഖ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഭൂരിപക്ഷം നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ തടസ്സമില്ലെന്ന് അറിയിച്ച ഫിലിം ചേംബര്‍ പ്രസിഡന്റ് സുരേഷ്‌കുമാര്‍ റെഗുലേറ്ററി അതോറിറ്റിക്കെതിരായ നിലപാടും വ്യക്തമാക്കി. ഏകദേശം 500 പേജുള്ള റിപ്പോര്‍ട്ട് ആണെന്നും പുറത്തുവിടാനാകില്ലെന്നുമാണ് സര്‍ക്കാര്‍ ഇന്ന് വിളിച്ച യോഗത്തിലും അറിയിച്ചത്.