കോൺഗ്രസിലേക്കില്ല; തന്നെക്കാള്‍ കൂടുതല്‍ പാര്‍ട്ടിക്ക് ആവശ്യം കൂട്ടായ നേതൃത്വവും ഇച്ഛാശക്തിയുമെന്ന് പ്രശാന്ത് കിഷോര്‍

single-img
26 April 2022

കോൺഗ്രസ് പാർട്ടിയിൽ ചേരാനുള്ള ക്ഷണം നിരസിച്ച് രാജ്യത്തെ പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. കോൺഗ്രസിൽ ചേരാനുള്ള ഓഫര്‍ പ്രശാന്ത് നിരസിച്ചതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല അറിയിച്ചു. അതേസമയം തന്നെക്കാള്‍ കൂടുതല്‍ പാര്‍ട്ടിക്ക് ആവശ്യം കൂട്ടായ നേതൃത്വവും ഇച്ഛാശക്തിയുമാണെന്ന് പ്രശാന്ത് കിഷോര്‍ പ്രതികരിച്ചു.

”കോണ്‍ഗ്രസ് അധ്യക്ഷയായ സോണിയാ ഗാന്ധി നിയോഗിച്ച ഉന്നതാധികാരസമിതി പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. കൃത്യമായ ചുമതലകളോടെ പാര്‍ട്ടിയില്‍ ചേരണമെന്നായിരുന്നു ക്ഷണം. എന്നാല്‍ ഈ ക്ഷണം അദ്ദേഹം നിരസിച്ചു. അദ്ദേഹത്തിന്റെ സഹകരണത്തിനും ശ്രമങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും നന്ദി” രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.

കോൺഗ്രസ് പാര്‍ട്ടിയില്‍ ആഴത്തില്‍ വേരോടിയ പ്രശ്‌നങ്ങള്‍ വിപ്ലവകരമായ മാറ്റങ്ങളിലൂടെ തിരുത്തേണ്ടതുണ്ടെന്ന് പ്രശാന്ത് കിഷോറിന്റെ മറുപടി ട്വീറ്റില്‍ പറഞ്ഞു. ”എന്നേക്കാള്‍ പാര്‍ട്ടിക്ക് ഇന്ന് ആവശ്യം കൂട്ടായ നേതൃത്വവും ഒരുമയുമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസ് ഉന്നതാധികാരസമിതിയുടെ നിര്‍ദേശം ഞാന്‍ വിനയപൂര്‍വം നിരസിക്കുന്നു.” പ്രശാന്ത് പറയുന്നു.