കേസ് അന്വേഷണത്തിന് നേതൃത്വം കൊടുത്ത വ്യക്തി മാറി എന്നതിനാല്‍ അന്വേഷണത്തിന് ഒന്നും സംഭവിക്കാന്‍ പോവുന്നില്ല: എസ് ശ്രീജിത്ത്

single-img
26 April 2022

ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തു നിന്നും മാറുമ്പോഴും നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തില്‍ മാറ്റം വരില്ലെന്ന് എഡിജിപി എസ് ശ്രീജിത്ത് അഭിപ്രായപ്പെട്ടു. സംസ്ഥാന ഗതാഗത കമ്മീഷണറായി ചുമതലയേറ്റെടുത്ത ശേഷം മാധ്യമങ്ങളെ കാണവെയാണ് എസ് ശ്രീജിത്തിന്റെ പ്രതികരണം.

കേസ് അന്വേഷണത്തിന് നേതൃത്വം കൊടുത്ത വ്യക്തി മാറി എന്നതിനാല്‍ ഇപ്പോൾ നടക്കുന്ന അന്വേഷണത്തിന് ഒന്നും സംഭവിക്കാന്‍ പോവുന്നില്ല. സര്‍ക്കാറിന്റെ ഉറച്ച തീരുമാനം അനുസരിച്ച് അന്വേഷണം മുന്നോട്ട് പോവും. അക്കാര്യത്തിൽ ആശങ്കയുടെ ആവശ്യമില്ല. പുതുതായി ചാർജെടുത്ത ക്രൈംബ്രാഞ്ച് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് തന്നേക്കാള്‍ മികച്ച ഉദ്യോഗസ്ഥനാണ്. കേസ് അന്വേഷണം നല്ല രീതിയില്‍ തന്നെ പുരോഗമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോൾ ഉണ്ടായ വിവാദങ്ങള്‍ അടിസ്ഥാന രഹിതമാണ്, അനാവശ്യമായ വിവാദങ്ങള്‍ ഉയര്‍ത്തി ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകര്‍ക്കരുത്. സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണ്. ആശങ്കകള്‍ ദുരീകരിക്കപ്പെടും സത്യം പുലരട്ടെ എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.