ഇത്തവണത്തേയ്ക്ക് ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നു; അഫ്ഗാന്‍ മണ്ണില്‍ കടന്നുകയറ്റം അനുവദിക്കില്ലെന്ന് പാകിസ്ഥാനോട് താലിബാന്‍

single-img
25 April 2022

അഫ്ഗാനിലേക്കുള്ള പാകിസ്ഥാന്റെ റോക്കറ്റ് ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുകയാണ്. അഫ്ഗാന്റെ മണ്ണില്‍ കടന്നുകയറ്റം അനുവദിക്കില്ലെന്ന് താലിബാന്‍ വ്യക്തമാക്കി. ‘ഞങ്ങള്‍ ഞങ്ങളുടെ അയല്‍ക്കാരില്‍ നിന്നും ലോകത്ത് നിന്നുമെല്ലാം വെല്ലുവിളികള്‍ നേരിടുന്നുണ്ട്. കുനാറിലെ അവരുടെ കടന്നുകയറ്റം തന്നെയാണ് ഇതിന് ഉദാഹരണം.

അഫ്‌ഗാനിലേക്കുള്ള കടന്നുകയറ്റം ഞങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല. പാകിസ്ഥാൻ നടത്തിയ ആക്രമണം ഇത്തവണത്തേയ്ക്ക് ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നു. ഇനി ആവര്‍ത്തിച്ചാല്‍ ക്ഷമിച്ചേക്കില്ല’. അഫ്ഗാന്‍ പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഇതുവരെ അഫ്ഗാനില്‍ നടന്ന വ്യോമാക്രമണങ്ങളിലെ പങ്ക് വ്യക്തമാക്കാന്‍ പാകിസ്ഥാന്‍ ഇതുവരെ തയ്യാറായിട്ടില്ല. അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ സഹോദര രാജ്യമാണെന്നാണ് പാകിസ്ഥാന്‍ പറയുന്നത്.