പിശാചുകളെ ഭയന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ഒരു ഗ്രാമം

single-img
23 April 2022

കൊവിഡ് വൈറസ് വ്യാപനം ഉണ്ടായതോടെ മാസ്ക് ,സാനിറ്റൈസർ ,ലോക്ക്ഡൗൺ എന്ന വാക്കുകളും ജനങ്ങൾക്ക് പരിചതമായി.കോവിഡ് രൂക്ഷമായ സമയം ലോക്ക്ഡൗണ്‍ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. ഇപ്പോൾ പക്ഷെ രാജ്യം പതിയെ അടച്ചുപൂട്ടലില്‍ നിന്ന് തിരികെ വന്നുകഴിഞ്ഞു.

പക്ഷെ ഇവിടെ വിചിത്രമായ ഒരു കാരണം പറഞ്ഞ് ആന്ധ്ര പ്രദേശിലെ ഒരു ഗ്രാമം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ആന്ധ്രയിലുള്ള സരുബുജ്‌ലി മണ്ഡല്‍ ഗ്രാമമാണ് പിശാചുകളെ ഭയന്ന് ഏപ്രില്‍ 17 മുതല്‍ 25 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഈ കാലയളവിൽ ഗ്രാമത്തില്‍ നിന്ന് ഒരാള്‍ പോലും പുറത്തുപോകരുതെന്നാണ് നേതാക്കള്‍ ജനങ്ങൾക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

മാത്രമല്ല, വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നതിനും വിലക്കുണ്ട്. സമീപ ദിവസങ്ങളിൽ ഗ്രാമവാസികളായ അഞ്ച് പേര്‍ മരിച്ചതോടെയാണ് സരുബുജ്‌ലിയില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത് . ഈ അഞ്ച് മരണങ്ങള്‍ക്കും പിന്നില്‍ ദുഷ്ടശക്തികളുടെ ഇടപെടലാണെന്നാണ് ഗ്രാമ വാസികള്‍ വിശ്വസിക്കുന്നത് . ഇതിനെ തുടർന്ന് പിശാചുകളെ അകറ്റാന്‍ ചില പൂജകളും ഗ്രാമവാസികള്‍ നടത്തിയിരുന്നു. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ഗ്രാമവാസികളെ ബോധവല്‍ക്കരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഭാവിയില്‍ ഇതുപോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളിലേക്ക് കടക്കുകയാണ് അധികൃതരും.