ഓടുന്ന കെഎസ്ആർടിസി ബസിൽ കുഴഞ്ഞുവീണ് യുവാവ്; രക്ഷകയായി സഹയാത്രികയും നഴ്സുമായ യുവതി

single-img
22 April 2022

കൊച്ചിയിൽ ഓടുന്ന കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞുവീണ യുവാവിന് രക്ഷകയായി സഹയാത്രികയും നഴ്സുമായ യുവതി. അങ്കമാലിയിലെ അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ നഴ്സ് ഷീബയുടെ അടിയന്തിര ഇടപെടലിലൂടെയാണ് യുവാവിന്റെ ജീവൻ രക്ഷിക്കാനായത്.

അങ്കമാലി സ്വദേശിയായ വിഷ്ണു (24)വിനെയാണ് ഷീബ ജീവിതത്തിലേക്ക് മടക്കികൊണ്ടു വന്നത്. ഈ മാസം 16ന് രാവിലെ 9.15 നാണ് സംഭവം നടക്കുന്നത്. രാത്രി ജോലിക്ക് ശേഷം മടങ്ങുകയായിരുന്നു ഷീബ. ഈ സമയം ബസിൽ നല്ല തിരക്കായിരുന്നു. മുന്നിലേക്ക് കയറി നിൽക്കാൻ ശ്രമിക്കവെ പിന്നിൽ നിന്ന് ഒരാൾ വിളിച്ചു, തിരിഞ്ഞ് നോക്കിയപ്പോൾ യുവാവ് മറിഞ്ഞു വീഴുന്നതാണ് കണ്ടത്.

ഈ സമയം പുറകിൽ നിന്നവരോട് പിടിക്കാൻ പറഞ്ഞെങ്കിലും അതിന് മുമ്പ് യുവാവ് മറിഞ്ഞു വീണു. തുടർന്ന് കൂടെയുള്ളവരുടെ സഹായത്തോടെ ഫുഡ് ബോർഡിൽ കിടത്തി പൾസ് പരിശോധിച്ചു. എന്നാൽ, ബസ് ഓടുകയായതിനാൽ പൾസ് കൃത്യമായി അറിയാൻ സാധിച്ചില്ല. തുടർന്ന് പൾസ് കിട്ടാതെ വന്നപ്പോൾ ആദ്യം പിസിആർ നൽകി. വിഷ്ണുവിനെ ഉടൻ ആശുപത്രിയിൽ എത്തിക്കണമെന്ന് ബസ് ജീവനക്കാരോട് ഷീബ പറഞ്ഞു. എന്നാൽ, ഇവർ സഹകരിച്ചില്ല.

ഇതോടുകൂടി ഷീബ തന്നെ മുൻകൈ എടുത്ത് ആശുപത്രിയിൽ വിവരമറിയിച്ചു. എത്രയും പെട്ടെന്ന് ഐസിയു ആംബുലൻസ് അയക്കാൻ നിർദേശിച്ചു. അധികം വൈകാതെ ആംബുലൻസ് എത്തി. യുവാവിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഹൃദ്രോഗം പോലുള്ള പ്രശ്നങ്ങളില്ലെന്ന് പരിശോധനയിൽ വ്യക്തമായെന്നും, രണ്ടാഴ്ചയ്ക്കു ശേഷം മറ്റ് പരിശോധനകൾക്ക് എത്താൻ നിർദേശം നൽകിയെന്നും ഷീബ പറഞ്ഞു.

എറണാകുളം മെഡിക്കൽ കോളേജിലുൾപ്പെടെ ജോലി ചെയ്തുള്ള അനുഭവ സമ്പത്തുണ്ട് ഷീബയ്ക്ക്. ന്യൂറോ സർജറി ഐ.സി.യുവിൽ ജോലി ചെയ്യുന്നതിനാൽ എപ്പോൾ വേണമെങ്കിലും അടിയന്തിര സാഹചര്യം നേരിടാൻ സന്നദ്ധയാണ് ഷീബ. ഷീബയുടെ കൃത്യസമയത്തെ ഇടപെടലിൽ ഒരു യുവാവിന് ജീവൻ തിരിച്ച് കിട്ടിയിരിക്കുകയാണ്. സംഭവത്തിൽ അഭിനന്ദനങ്ങളുമായി സോഷ്യൽ മീഡിയ രംഗത്തെത്തി.