പേരും ചിത്രവും ഉപയോഗിച്ച് വ്യാജ വാട്‌സാപ്പ്; ഡിജിപിക്ക് പരാതി നൽകി സ്പീക്കര്‍ എം ബി രാജേഷ്

single-img
21 April 2022

തന്റെ പേരില്‍ വ്യാജ വാട്ട്‌സ്ആപ്പ് അക്കൗണ്ട് നിര്‍മ്മിച്ച് പണം തട്ടുന്നതായി കാണിച്ച് കേരളാ നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. തന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് സാമ്പത്തികമായി ഉള്‍പ്പെടെ ദുരുപയോഗം ചെയ്യാനിടയുണ്ടെന്ന് സ്പീക്കര്‍ പരാതിയിൽ ചൂണ്ടിക്കാട്ടി.

സാമ്പത്തികമായും മറ്റ് പലതരത്തിലും ഈ വ്യാജ അക്കൗണ്ട് ദുരുപയോഗിക്കാനിടയുണ്ട്. ഇത്തരത്തിൽ ഒരു നമ്പറോ വാട്സാപ്പ് അക്കൗണ്ടോ എനിക്കില്ലെന്നും തട്ടിപ്പിനും ദുരുപയോഗത്തിനുമെതിരെ ജാഗ്രത പുലര്‍ത്തണമെന്നും എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നതായി സ്പീക്കർ ഫേസ്ബുക്കിൽ എഴുതി.

പോസ്റ്റിന്റെ പൂർണ്ണരൂപം:

അടിയന്തിര ശ്രദ്ധക്ക്

എന്റെ പേരും DP യായി എന്റെ ചിത്രവും ഉപയോഗിച്ച് 7240676974 എന്ന നമ്പറില്‍ ഒര വ്യാജ വാട്സാപ്പ് അക്കൗണ്ട് നിര്‍മ്മിച്ച് ദുരുപയോഗം ചെയ്യുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് ഡി ജി പിക്ക് പരാതി നല്‍കിയിരിക്കുകയാണ്. മേല്‍പറഞ്ഞ നമ്പറില്‍ നിന്നും This is my new number. Please save it എന്ന സന്ദേശമാണ് ആദ്യം അയക്കുന്നത്. പിന്നീട് സഹായാഭ്യര്‍ത്ഥന നടത്തുകയാണ് രീതി.

മുന്‍മന്ത്രി ശ്രീ. കെ.പി മോഹനന്‍ എന്റെ പേരില്‍ സഹായം തേടിയുള്ള സന്ദേശം ലഭിച്ച കാര്യം അറിയിക്കുകയുണ്ടായി. മറ്റു പലര്‍ക്കും ഇങ്ങനെ അയച്ചിരിക്കാം. സാമ്പത്തികമായും മറ്റ് പലതരത്തിലും ഈ വ്യാജ അക്കൗണ്ട് ദുരുപയോഗിക്കാനിടയുണ്ട്. മേല്‍പ്പറഞ്ഞ നമ്പറോ വാട്സാപ്പ് അക്കൗണ്ടോ എനിക്കില്ലെന്നും തട്ടിപ്പിനും ദുരുപയോഗത്തിനുമെതിരെ ജാഗ്രത പുലര്‍ത്തണമെന്നും എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.