റഷ്യയെ ഭീഷണിപ്പെടുത്തുന്നവർ രണ്ട് വട്ടം ചിന്തിക്കണം: വ്ലാദിമിർ പുടിൻ

single-img
20 April 2022

റഷ്യയുടെ പുതിയ മിസൈലായ സർമറ്റ് ഇൻ്റർകോണ്ടിനെൻ്റൽ ബലിസ്റ്റിക് പരീക്ഷണം വിജയം. റഷ്യ വികസിപ്പിച്ചവയിൽ അടുത്ത തലമുറ മിസൈലുകളിൽ പെട്ട ഒരു മിസൈലാണ് സർമറ്റ്. സാത്താൻ 2 എന്നാണ് ഈ മിസൈൽ അറിയപ്പെടുന്നത്. പരീക്ഷണം വിജയിച്ച ശേഷം തങ്ങളെ ഭീഷണിപ്പെടുത്തുന്നവർ രണ്ട് വട്ടം ചിന്തിക്കണമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ പറഞ്ഞു.

“ഇന്ന് സർമറ്റ് ഇൻ്റർകോണ്ടിനൻ്റൽ ബലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതിന് നിങ്ങൾക്ക് അഭിനന്ദനം. ഈ പ്രത്യേകമായ ആയുധം നമ്മുടെ സായുധ സേനയുടെ കരുത്ത് വർധിപ്പിക്കും. പുറത്തുനിന്ന് റഷ്യയ്ക്കുള്ള ഭീഷണി കുറയ്ക്കും. ഞങ്ങളെ ഭീഷണിപ്പെടുത്തുന്നവർ രണ്ട് വട്ടം ചിന്തിക്കണം.”- പുടിൻ പറഞ്ഞു.

അതേസമയം, ഉക്രൈനിൽ റഷ്യ ആക്രമണം കൂടുതൽ കടുപ്പിക്കുകയാണ്. ഡോൺബാസ്, ലുഹാൻസ്ക്, ഖാർകീവ് തുടങ്ങിയ നഗരങ്ങളിലുണ്ടായ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു.