പടക്കം വാങ്ങിയശേഷം പണത്തിന് പകരം നല്‍കിയത് സംഭാവന രസീതി; ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസിൽ പരാതി

single-img
19 April 2022

തൃശൂര്‍ ജില്ലയിലെ ചേലക്കരയില്‍ പടക്കം വാങ്ങിയ ശേഷം പണത്തിന് പകരം നല്‍കിയത് സംഭാവന രസീതി. സംഭവത്തിൽ ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പടക്കക്കട ഉടമ പഴയന്നൂര്‍ പൊലീസില്‍ പരാതി നല്‍കി.

ഏകദേശം അയ്യായിരം രൂപവരെ വിലവരുന്ന പടക്കമാണ് ഭീഷണിപ്പെടുത്തി നാലംഗം സംഘം കൊണ്ടുപോയതെന്നാണ് പരാതിയിൽ പറയുന്നത്. വിഷു ആഘോഷിക്കുന്നതിന്റെ ഭാഗമായി കുന്നംകുളം സ്വദേശി ബോബന്‍ ചേലക്കര ചീരക്കുഴിയില്‍ പടക്കവില്‍പന നടത്തിയിരുന്നു.

വിഷു ദിവസത്തിന്റെ തലേന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്ന പേരില്‍ നാല് പേര്‍ കാറില്‍ വന്ന് അയ്യായിരം രൂപ പരിവ് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ആയിരം രൂപ നല്‍കാമെന്ന് പറഞ്ഞപ്പോള്‍ 4900 രൂപയുടെ പടക്കം ഭീഷണിപ്പെടുത്തി കൈക്കലാക്കി. പിന്നാലെ ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ പേരില്‍ അയ്യായിരം രൂപയുടെ രസീതിയും നല്‍കിയെന്ന് പരാതിയിൽ പറയുന്നു.

പഴയന്നൂര്‍ പൊലീസിലാണ് ബോബന്‍ പരാതി നല്‍കിയത്. ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി വി രാഹുല്‍, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ബിജി ജോണ്‍, കണ്ടാലറിയാവുന്ന രണ്ട് പേര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.അതേസമയം, തങ്ങൾ പടക്കത്തിന് പണം നല്‍കാന്‍ തയാറായിട്ടും ഉടമ വാങ്ങിയില്ലെന്നാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാക്കൾ നൽകുന്ന വിശദീകരണം. പകരം രസീതി ആവശ്യപ്പെട്ടതുകൊണ്ടാണ് നല്‍കിയത്. വിഷുക്കിറ്റ് നല്‍കാനാണ് പടക്കം വാങ്ങിയതെന്നും ഇതിന്റെ പണം പൊലീസ് സ്റ്റേഷനില്‍ വച്ച് കൈമാറിയതാണെന്നും നേതാക്കള്‍ വിശദീകരണത്തിൽ പറയുന്നു