കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന് മാത്രമല്ല സന്യാസിവര്യന്‍മാരില്‍ നിന്ന് പോലും ബിജെപി 30 ശതമാനം കമ്മീഷന്‍ വാങ്ങുന്നു; ആരോപണവുമായി ദിംഗലേശ്വര സ്വാമി

single-img
18 April 2022

കർണാടകയിൽ കോണ്‍ട്രാക്ടര്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാന മന്ത്രി രാജിവെച്ചതിന് പിന്നാലെ കമ്മീഷന്‍ ആരോപണം വീണ്ടും ബിജെപിക്ക് നേരെ ഉയരുന്നു . കർണാടകയിലെ പ്രമുഖ ലിംഗായത്ത് സന്യാസിയായിട്ടുള്ള ദിംഗലേശ്വര സ്വാമിയാണ് ബിജെപിക്കെതിരെ വീണ്ടും കമ്മീഷന്‍ ആരോപണം ഉയര്‍ത്തിയത്. ബിജെപി കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന് മാത്രമല്ല സന്യാസിവര്യന്‍മാരില്‍ നിന്ന് പോലും 30 ശതമാനം കമ്മീഷന്‍ വാങ്ങുന്നുണ്ടെന്ന് ദിംഗലേശ്വര സ്വാമി പറഞ്ഞു.

സന്യാസി മഠങ്ങളിലെ വിവിധ പദ്ധതികള്‍ക്ക് സർക്കാർ പണം അനുവദിക്കുമ്പോള്‍ 30 ശതമാനം കമ്മീഷന്‍ ബിജെപിക്ക് നല്‍കേണ്ടി വരുന്നു. ഇവിടെ ഉദ്യോഗസ്ഥര്‍ നേരിട്ട് കമ്മീഷനെ കുറിച്ച് പറയുകയാണ്. ന്യൂഡല്‍ഹിയില്‍ നിന്നോ ബെംഗളൂരുവില്‍ നിന്നോാ ഒരു ഐസ്‌ക്രീം അനുവദിക്കുകയാണെങ്കില്‍ വടക്കന്‍ കര്‍ണാടകയിലേക്ക് അത് എത്തുമ്പോള്‍ കോല് മാത്രമേ ബാക്കിയുള്ളൂവെന്നും ദിംഗലേശ്വര സ്വാമി പറഞ്ഞു.

അതേസമയം, ദിംഗലേശ്വര സ്വാമിയുടെ ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ബിജെപിക്കെതിരെ രംഗത്തെത്തി. സ്വാമികളെ പോലും ബിജെപി വെറുതെ വിടുന്നില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ ദിനേഷ് ഗുണ്ടുറാവു പറഞ്ഞു.