അംബേദ്ക്കർ – മോദി താരതമ്യം; ഇളയരാജക്ക് ബിജെപി പിന്തുണ

single-img
18 April 2022

പ്രധാനമന്ത്രി മോദിയെ അംബേദ്കറുമായി താരതമ്യം ചെയ്ത ഇളയരാജക്ക് പിന്തുണയുമായി തമിഴ്‌നാട് ബിജെപി രംഗത്ത്. വിഷയത്തിൽ ഇളയരാജക്കെതിരെ ഡിഎംകെ അനുകൂല പേജുകളില്‍ വരുന്ന ട്രോളുകളെ ബിജെപി നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചു.

‘ അംബേദ്ക്കര്‍ ആന്റ് മോദി: റിഫോമര്‍ ഐഡിയാസ്, പെര്‍ഫോമര്‍ ഇംപ്ലിമെന്റേഷന്‍’ എന്ന പുസ്തകത്തിന്റെ ആമുഖത്തിലാണ് അദ്ദേഹം ഇരുവരെയും താരതമ്യം ചെയ്തത്. അംബേദ്കറും മോദിയും സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തില്‍നിന്ന് പ്രതിസന്ധികളോട് പോരാടി വിജയിച്ചവരാണ്. ഇരുവരും ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിച്ചവരാണ്. അവയെ ഇല്ലാതാക്കുന്നതിന് ഇരുവരും പ്രവര്‍ത്തിച്ചു. ചിന്തകളിൽ മാത്രം ഒതുങ്ങാതെ പ്രവർത്തനങ്ങളിലും വിശ്വസിക്കുന്ന പ്രായോഗിക മനുഷ്യരാണ് ഇരുവരുമെന്ന് ഇളയരാജ പറഞ്ഞു.

തങ്ങൾ അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുന്നതായും മാപ്പ് പറയില്ലെന്നും ഇളയരാജയുടെ സഹോദരൻ ഗംഗൈ അമരൻ അറിയിച്ചു. ‘സിനിമയ്ക്ക് വേണ്ടി നൽകിയ ഈണം നല്ലതല്ല എന്ന് പറഞ്ഞാൽ അത് തിരികെ വാങ്ങില്ല. അതുപോലെ തന്നെ എന്റെ മനസ്സിൽ തോന്നുന്ന സത്യങ്ങളും തുറന്നു പറയും. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ വ്യത്യസ്തമായിരിക്കും. ഇതാണ് എന്റെ അഭിപ്രായം. ഇതിനെ രാഷ്ട്രീയവത്കരിക്കാന്‍ ആഗ്രഹിക്കുന്നില്ല’ ഇളയരാജ പറഞ്ഞു.