ആവർത്തിച്ചുള്ള രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കാരണം സര്‍ക്കാർ നടപടികൾ; ആരോപണവുമായി പ്രതിപക്ഷം

single-img
17 April 2022

സംസ്ഥാനത്തെ ആവര്‍ത്തിച്ചുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കാരണം സര്‍ക്കാരിന്‍റെ നടപടികളെന്ന വിമര്‍ശനവുമായി പ്രതിപക്ഷം . എന്നാൽ സമാധാനം തകര്‍ക്കുന്നത് വര്‍ഗ്ഗീയ ശക്തികളാണെന്ന വാദവുമായി ഇടതുമുന്നണിയും രംഗത്തെത്തി.

ആലപ്പുഴയിൽ നടന്നതിന് സമാനമായി പാലക്കാടും എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതോടെ സര്‍ക്കാരിനെതിരായ വിമര്‍ശനം കൂടുതല്‍ ശക്തമാക്കുകയാണ് പ്രതിപക്ഷം. ഇരു സംഘടനകളുമായും കൊടുക്കല്‍ വാങ്ങല്‍ നടത്തിയ സിപിഎമ്മും സര്‍ക്കാരുമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഉത്തരവാദികളെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.

മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പിനെതിരെ നേരത്തെ തന്നെ വിമര്‍ശനം ശക്തമാക്കിയിരുന്ന പ്രതിപക്ഷത്തിന് കിട്ടിയ മറ്റൊരു ആയുധമായി പാലക്കാട്ടെ ഇരട്ടക്കൊലപാതകം. എന്നാൽ സംഘര്‍ഷത്തില്‍ സര്‍ക്കാരിന് വീഴ്ചയില്ലെന്ന ശക്തമായ വാദവുമായി രംഗത്തിറങ്ങുകയാണ് ഇടതുമുന്നണിയും സിപിഎമ്മും.

സംഘര്‍ഷത്തിന്‍റെ പേരില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് ചിലരുടെ ശ്രമമെന്നും സമാധാനം തകര്‍ക്കുന്നത് വര്‍ഗ്ഗീയ കക്ഷികളെന്നും ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ ആരോപിച്ചു. സംഘര്‍ഷം തടയാന്‍ ഇടതുവരെ പൊലീസ് സ്വീകരിച്ച നടപടികള്‍ തൃപ്തികരമെന്നായിരുന്നു സ്പീക്കര്‍ എംബി രാജേഷിന്‍റെ പ്രതികരണം.