ദേശീയ സുരക്ഷയ്ക്ക് ഭീഷണി: 22 യൂട്യൂബ് ചാനലുകള്‍ക്ക് കൂടി നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ

single-img
5 April 2022

ദേശീയ സുരക്ഷയ്ക്ക് ഭീഷണി എന്ന പേരില്‍ 22 യൂട്യൂബ് ചാനലുകള്‍ക്ക് കൂടി നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് എന്ന പേരിൽ നിരോധിക്കപ്പെട്ടവയിൽ നാല് ചാനലുകള്‍ പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നതാണ്. ബാക്കിയുള്ള 18 ചാനലുകള്‍ ഇന്ത്യയിൽ തന്നെ പ്രവര്‍ത്തിക്കുന്നവയാണ്.

ഈ വർഷം ഫെബ്രുവരിയില്‍ പുതിയ ഐടി നിയമങ്ങള്‍ നിലവില്‍ വന്നതിന് പിന്നാലെ ആദ്യമായിട്ടാണ് കേന്ദ്രസർക്കാർ ഇന്ത്യയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത്. ഇവയോടൊപ്പം മൂന്ന് ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കും ഒരു ഫേസ്ബുക്ക് അക്കൗണ്ടിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാശ്മീർ, ഇന്ത്യൻ ആർമി എന്നിവയെ സംബന്ധിച്ച് ഈ ചാനലുകള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതായി വാര്‍ത്താ വിതരണ മന്ത്രാലയം അറിയിപ്പിൽ പറയുന്നു.

നിരോധിക്കപ്പെട്ടതിൽ ചില ചാനലുകള്‍ യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ നല്‍കുകയും ഇന്ത്യയുടെ വിദേശ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തിന് കോട്ടം തട്ടുന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കുന്നുവെന്നും വിജ്ഞാപനത്തില്‍ പറയുന്നു. കഴിഞ്ഞ വർഷം ഡിസംബര്‍ മുതല്‍ ഇതുവരെ 78 യൂട്യൂബ് ചാനലുകള്‍ ഇന്ത്യയില്‍ മന്ത്രാലയം നിരോധിച്ചിട്ടുണ്ട്.