മഹിന്ദ രാജപക്‌സെ രാജിവച്ചതായി വാർത്തകൾ; നിഷേധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

single-img
3 April 2022

സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും രൂക്ഷമായതോടെ ജനങ്ങളുടെ രാജ്യവ്യാപക പ്രക്ഷോഭങ്ങൾക്കവസാനം ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചതായി അഭ്യൂഹം പടർന്നു. വിവിധ മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്യുകയുണ്ടായി. രാജ്യത്തിന്റെ പ്രസിഡന്റ് ഗോതബായ രജപക്‌സെയ്ക്ക് പ്രധാനമന്ത്രി രാജിക്കത്ത് നൽകിയതായാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഈ രാജി വാർത്ത നിഷേധിച്ച് മഹിന്ദ രജപക്സെയുടെ ഓഫീസ് രംഗത്തെത്തി.

സാമ്പത്തിക പ്രതിസന്ധിയിലും അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിലും നട്ടംതിരിയുന്ന ശ്രീലങ്കയില്‍ ഭക്ഷണം, ഇന്ധനം, തുടങ്ങിയവയ്ക്ക് കടുത്തക്ഷാമമാണ് നേരിടുന്നത്. ഇതോടൊപ്പം തന്നെ ഊര്‍ജപ്രതിസന്ധിയും രാജ്യത്ത് രൂക്ഷമാണ്. പെരാദെനിയ സര്‍വകലാശാലയ്ക്കു പുറത്ത് വാരന്ത്യ കര്‍ഫ്യൂവിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധം നടത്തിയിരുന്നു.

വിവിധ സ്ഥലങ്ങളിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. രാജ്യ തലസ്ഥാനമായ കൊളംബോയില്‍ പ്രതിപക്ഷ നേതാക്കള്‍ ധര്‍ണ നടത്തുകയും ചെയ്തു.