ഇങ്ങനെയുള്ള കേന്ദ്രമന്ത്രിമാരുണ്ടായാല്‍ എന്താണ് സ്ഥിതിയെന്ന് ആലോചിച്ച് നോക്കണം; വി മുരളീധരനെതിരെ മുഖ്യമന്ത്രി

single-img
3 April 2022

സില്‍വര്‍ ലൈന്‍ വിഷയത്തില്‍ എതിർപ്പുമായി കേരളത്തിൽ വീടുകളിൽ സന്ദർശനം നടത്തുന്ന കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സന്ദർശനത്തിലൂടെ എന്താണ് കെ റെയിലിനോടുള്ള ജനങ്ങളുടെ മനോഭാവമെന്ന് മുരളീധരന്‍ നേരിട്ട് അനുഭവിച്ചതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇങ്ങനെയുള്ള കേന്ദ്രമന്ത്രിമാരുണ്ടായാല്‍ എന്താണ് സ്ഥിതിയെന്ന് ആലോചിച്ച് നോക്കണമെന്നും ഏതെങ്കിലും ഒരു കേന്ദ്രമന്ത്രി ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെ പദ്ധതിയെ തകര്‍ക്കാന്‍ വേണ്ടി നാട്ടുകാരുടെ ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങിനെ: എന്താണ് കെ റെയിൽ പദ്ധതിയോടുള്ള ജനങ്ങളുടെ മനോഭാവമെന്ന് നമ്മുടെ കേന്ദ്രമന്ത്രിക്ക് നേരിട്ട് അനുഭവപ്പെട്ടിട്ടുണ്ട്. അതിന്റെ ദൃശ്യങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഇങ്ങനെയുള്ള കേന്ദ്രമന്ത്രിമാരുണ്ടായാല്‍ എന്താണ് സ്ഥിതിയെന്ന് ആലോചിച്ച് നോക്ക്. ഏതെങ്കിലും ഒരു കേന്ദ്രമന്ത്രി ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെ പദ്ധതിയെ തകര്‍ക്കാന്‍ വേണ്ടി നാട്ടുകാരുടെ ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുമോ.

ഈ രീതിയിൽ നാട്ടുകാരുടെ കഠിനമായ എതിര്‍പ്പ് വാങ്ങി പോകേണ്ട ഗതികേട് ഒരു മന്ത്രിക്ക് ഉണ്ടാകാന്‍ പാടുണ്ടോ. എന്തിനാണ് ഇവരൊക്കെ നാടിന്റെ താല്‍പര്യത്തിന് എതിരായി നില്‍ക്കുന്നത്. ഞാന്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ കണ്ടതാണ്. എത്ര ആരോഗ്യകരമായ സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. ഇക്കാര്യം ഞാന്‍ പരസ്യമായി പറഞ്ഞതാണ്.

വളരെയധികം ആരോഗ്യകരമായ സമീപനമായിരുന്നു. എങ്ങനെയാണ് ആ പ്രധാനമന്ത്രിയുടെ കീഴിലുള്ള മന്ത്രിസഭയിലെ ഒരു അംഗം ഇത്തരത്തിലൊരു നിലപാട് സ്വീകരിക്കുന്നതെന്ന് മനസിലാകുന്നില്ല. കേരളത്തിൽ ഇപ്പോൾ സാമൂഹികാഘാത പഠനമാണ് നടക്കുന്നത്. ഈ പഠനത്തിന്റെ ഭാഗമായാണ് കാര്യങ്ങള്‍ നിശ്ചയിക്കേണ്ടത്. ആ പഠനം നടക്കട്ടെയെന്ന് സുപ്രീംകോടതി വരെ പറഞ്ഞതാണ്.

ഈ വിഷയത്തിൽ മറ്റ് ആശങ്കകളൊന്നും നമ്മുടെ യഥാര്‍ത്ഥ വസ്തു ഉടമകള്‍ക്കില്ല. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കേണ്ടി വന്നില്‍ ആവശ്യമായ നഷ്ടപരിഹാരമാണ് അവര്‍ക്ക് നല്‍കുന്നത്. നാട് വികസിക്കണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. എന്നാൽ ഇവിടെ അവരുടെ വികാരത്തിന് എതിരായിട്ടാണ് കോണ്‍ഗ്രസും ബിജെപിയും നില്‍ക്കുന്നത്. വികസന പദ്ധതികള്‍ നടപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ ചുമതല. ഇടതുപക്ഷ സര്‍ക്കാരും ആ നില തന്നെ സ്വീകരിക്കാന്‍ തന്നെയാണ് ഉദേശിക്കുന്നത്. സില്‍വര്‍ ലൈന്‍ നാടിന്റെ ഭാവിക്ക് ആവശ്യമാണ്. വരുംതലമുറയ്ക്ക് ഒഴിച്ച് കൂടാനാവാത്ത പദ്ധതിയാണ്. അതുകൊണ്ട് പദ്ധതി നടപ്പാക്കുക തന്നെ ചെയ്യും.