അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ കാരണം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മോശമായി; വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

single-img
25 March 2022

ഇന്ത്യ സന്ദർശിച്ച ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ . ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയിലുണ്ടായ പ്രശ്‌നങ്ങള്‍ കാരണം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മോശമായെന്ന് അദ്ദേഹം പറഞ്ഞു.

ഇനിയും ചൈന അതിര്‍ത്തിയില്‍ എത്രത്തോളം സൈനികരെ വിന്യസിക്കുന്നോ സാഹചര്യം അത്രത്തോളം വഷളാകുമെന്ന് ജയശങ്കര്‍ തുറന്നുപറഞ്ഞു. ‘ഇതിനോടകം പാംഗോങ് സോ ഉള്‍പ്പെടെയുള്ള ചില മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി. ഈ നടപടികൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്നായിരുന്നു ഇന്നത്തെ ചര്‍ച്ച.

വിഷയത്തിൽ ഇതിനോടകം 15 തവണ ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. 2020 ഏപ്രിൽ മാസത്തിൽ ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ പ്രകോപനം കാരണം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മോശമായി. ഇത് എങ്ങനെ മെച്ചപ്പെടുത്താമെന്ന കാര്യത്തിലും ചര്‍ച്ച നടന്നു’. ഇന്ന് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ജയശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇതോടൊപ്പം തന്നെ അഫ്ഗാനിസ്ഥാന്‍, യുക്രൈന്‍ തുടങ്ങിയ അന്താരാഷ്ട്ര വിഷയങ്ങളിലും ഇരുവരും അഭിപ്രായങ്ങള്‍ പങ്കുവെച്ചു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സേനയുടെ 2593 പ്രമേയം അടിസ്ഥാനമാക്കിയാണ് ഇന്ത്യ നിലപാട് സ്വീകരിച്ചത്. ഉക്രൈന്‍- റഷ്യ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കണമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും ജയശങ്കര്‍ വ്യക്തമാക്കി.