സ്വാതന്ത്ര്യ സമരത്തിൻ്റെ പേരിൽ ബ്രിട്ടീഷുകാർ ഒരിക്കലും കോൺഗ്രസിനെ നിരോധിച്ചിട്ടില്ല; പക്ഷെ കമ്യൂണിസ്റ്റ് പാർടിയെ നിരോധിച്ചു: എംഎ ബേബി

single-img
23 March 2022

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ കമ്യൂണിസ്റ്റുകാരുടെ പങ്കെന്തെന്ന് ചോദിക്കുന്നത് ചരിത്രബോധമില്ലാത്തവരാണെന്ന് സിപി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. സിപിഎമ്മിന്റെ ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിൻ്റെ ഭാഗമായി ‘സ്വാതന്ത്ര്യ സമരവും കമ്യൂണിസ്റ്റുകാരും’ എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യ സമര പോരാട്ടം എവിടെയുണ്ടായാലും അതിൻ്റെ മുന്നണിയിലുണ്ടാവുക എന്നത് കമ്യൂണിസ്റ്റുകാരുടെ കടമയാണ്. ലോകത്തെവിടെയുണ്ടായ സ്വാതന്ത്ര്യ സമരങ്ങളിലും ഒന്നുകിൽ അതിൻ്റെ നേതൃത്വം കമ്യൂണിസ്റ്റുകാർക്കായിരിക്കും. അല്ലെങ്കിൽ പോരാട്ടത്തിലെ ഉജ്വല സാന്നിധ്യം കമ്യൂണിസ്റ്റുകാരായിരിക്കും. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ ഒരുപാട് സമരധാരകളുണ്ടായിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് വേണ്ടി എന്തും ത്വജിക്കാൻ തയ്യാറായ ഭഗത് സിങ്ങിനെ പോലുള്ളവരും ഉണ്ടായിരുന്നു. സ്വാതന്ത്ര്യ സമരത്തിൻ്റെ പേരിൽ ഒരിക്കലും കോൺഗ്രസിനെ നിരോധിച്ചിട്ടില്ല. എന്നാൽ കമ്യൂണിസ്റ്റ് പാർടിയെ ബ്രിട്ടീഷുകാർ നിരോധിച്ചതായും അദ്ദേഹം പറഞ്ഞു.

ഒന്നാം പാർടി കോൺഗ്രസ് ചേർന്നപ്പോൾ അതിൽ പ്രതിനിധിയായിരുന്ന ബാബാ സോഹൻ സിങ് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് 27 വർഷം ജയിൽ വാസമനുഭവിച്ചയാളായിരുന്നു. പ്രതിനിധികളിൽ 70 ശതമാനവും രണ്ട് തവണ ജയിലിൽ കഴിഞ്ഞവരായിരുന്നു. ബ്രിട്ടീഷ് ഭരണത്തിൽ കമ്യൂണിസ്റ്റ് പാർടിക്ക് വിരലിലെണ്ണാവുന്ന ദിവസങ്ങളിലേ പ്രവർത്തനാനുമതിയുണ്ടായുള്ളൂ. അപ്രഖ്യാപിത നിരോധനമായിരുന്നു. കമ്യൂണിസ്റ്റുകാരെ നിരന്തരം വേട്ടയാടി. കമ്യൂണിസ്റ്റുകാർ അഹമ്മദാബാദ് കോൺഗ്രസിൽ ഇന്ത്യക്ക് പൂർണ സ്വാതന്ത്ര്യം വേണമെന്ന പ്രമേയം അവതരിപ്പിച്ചപ്പോൾ എട്ട് വർഷം കഴിഞ്ഞാണ് അത് അംഗീകരിക്കാൻ കോൺഗ്രസുകാർ തയ്യാറായത്.

സമരത്തിൽ നേരിട്ട് പങ്കെടുക്കുമ്പോഴും രാഷ്ട്രീയ ദിശ ശാസ്ത്രീയമാക്കാൻ പൊരുതുന്ന ഇരട്ട സമരമാണ് കമ്യൂണിസ്റ്റുകാർ നടത്തിയത്. രാഷ്ട്രീയ അർഥപൂർണതക്ക് പൊരുതിയത് കമ്യൂണിസ്റ്റുകാരാണ്. ബ്രിട്ടീഷുകാർ ഇന്ത്യവിടുന്നതിന് വേഗം കൂട്ടിയത് കോൺഗ്രസും ലീഗുമല്ല. കമ്യൂണിസ്റ്റുകാരുടെ ത്യാഗ സുരഭില പോരാട്ടമാണ്. സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോൾ നാട്ടുരാജ്യങ്ങൾക്ക് വേറിട്ട് പോകാൻ വഞ്ചനാപരമായ അവസരം ഒരുക്കിയപ്പോഴും അതിനെതിരെ തെലങ്കാനയിലും പുന്നപ്ര വയലാറിലും സ്വജീവൻ നൽകി പോരാടിയവരും കമ്യൂണിസ്റ്റുകാരാണ്. പോരാട്ടത്തിൻ്റെ മുന്നണിയിലായിരുന്നു എന്നും കമ്യൂണിസ്റ്റുകാർ നിലകൊണ്ടതെന്നും എം എ ബേബി പറഞ്ഞു.