‘ദി കശ്മീർ ഫയൽസ്’; ന്യൂസിലൻഡിൽ റിലീസ് ചെയ്യുന്നത് നിർത്തിവച്ചു

single-img
20 March 2022

ബോളിവുഡ് ചിത്രമായ ‘ദി കശ്മീർ ഫയൽസ്’ ന്യൂസിലൻഡിൽ റിലീസ് ചെയ്യുന്നത് നിർത്തിവച്ചു. ഇവിടെ സെൻസർ ബോർഡ് 16 വയസ്സിന് മുകളിലുള്ളവർക്ക് ചിത്രം കാണാനുള്ള അനുവാദം നൽകിയിരുന്നതാണ് . പക്ഷെ ചിത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ചില സംഘടനാ നേതാക്കൾ പരാതി അറിയിച്ചതോടെ തീരുമാനം പുനഃപരിശോധിക്കാനും പ്രദർശനം നിർത്തിവയ്ക്കാനും സെൻസർ ബോർഡ് തീരുമാനിക്കുകയായിരുന്നു.

എന്നാൽ കശ്മീർ ഫയൽസ് സെൻസർ ചെയ്യാനുള്ള തീരുമാനത്തിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് ന്യൂസിലാന്റ് മുന്‍ ഉപപ്രധാനമന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്സ് രംഗത്തെത്തി. ഈ സിനിമ സെന്‍സര്‍ ചെയ്യുന്നത് ന്യൂസിലാന്റുകാരുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും എല്ലാ രാജ്യങ്ങളും ഒരു പോലെ ഏറ്റെടുത്ത ചിത്രം ഒരിക്കലും സെന്‍സര്‍ ചെയ്യാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഎസ്എ, ഓസ്ട്രേലിയ, ഇന്ത്യ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഏകദേശം 1.1 ബില്യണ്‍ ജനങ്ങള്‍ ഇന്ന് ചിത്രം കണ്ടുകഴിഞ്ഞു. 1990 കളില്‍ കശ്മീരി പണ്ഡിറ്റുകള്‍ നേരിടേണ്ടി വന്ന കഷ്ടപ്പാടുകളെക്കുറിച്ചാണ് ചിത്രത്തില്‍ പറയുന്നത്. 32 വര്‍ഷങ്ങള്‍ക്ക് ശേഷവും നാല് ലക്ഷത്തോളം പണ്ഡിറ്റുകള്‍ക്ക് ഇന്നും സ്വന്തം മണ്ണിലേക്ക് തിരിച്ചെത്താന്‍ സാധിച്ചിട്ടില്ല.

ശരിയായ വസ്തുതകൾ വെളിപ്പെടുത്തുന്ന ഈ സിനിമ സെന്‍സര്‍ ചെയ്യുന്നത് മാര്‍ച്ച് 15ന് ന്യൂസിലാന്റില്‍ നടന്ന പ്രശ്നങ്ങളും 9/11 ഭീകരാക്രമണവും പൊതുജനങ്ങളില്‍ നിന്നും മറച്ചുവെക്കുന്നതിന് തുല്യമാണ്. ഇതുപോലുള്ള സെന്‍സര്‍ഷിപ്പുകള്‍ ന്യൂസിലാന്റിലെ ജനങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും പീറ്റേഴ്സ് മുന്നറിയിപ്പ് നല്‍കി. 1990-കളിൽ ഇന്ത്യയിലെ കശ്മീർ താഴ്‌വരയിൽ നിന്നുള്ള പണ്ഡിറ്റുകളുടെ പലായനത്തെ കേന്ദ്രീകരിച്ചുള്ള ചിത്രം മാർച്ച് 11 ന് റിലീസ് ചെയ്തതു മുതൽ വിവാദങ്ങളിൽ അകപ്പെട്ടിരിക്കുകയാണ്.