മറ്റ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടി മുന്നേറുമ്പോള്‍ കേരളത്തില്‍ മാത്രം രക്ഷയില്ല; ഏത് വലിയ നേതാവും പാര്‍ട്ടി നിര്‍ദേശം അംഗീകരിക്കണം: കെ സുരേന്ദ്രൻ

single-img
12 March 2022

സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാർട്ടി നൽകുന്ന ഉത്തരവാദിത്തം ആലങ്കാരിക പദവിയെന്ന് വിചാരിച്ച് നടക്കുന്നവര്‍ക്ക് ഇനി സ്‌കോപ്പില്ല. ഏത് വലിയ നേതാവും പാര്‍ട്ടി നിര്‍ദേശം അംഗീകരിക്കണമെന്ന് ഇന്ന് തിരുവനന്തപുരം ജില്ലാ കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ കെ സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തിലെ അവസാന നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ലക്ഷ്യം. ഇത്തവണത്തെ പരാജയത്തിന് പിന്നാലെ വിവിധ മണ്ഡലങ്ങളില്‍ നിന്ന് ശേഖരിച്ച റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി പാര്‍ട്ടി തെറ്റ് തിരുത്തലുകളിലേക്ക് കടക്കുകയാണ്.

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടി മുന്നേറുമ്പോള്‍ കേരളത്തില്‍ മാത്രം രക്ഷയില്ല. അവസാന ഒരു വര്‍ഷമായി തെറ്റുകള്‍ മനസിലാക്കി പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആയിരുന്നെന്ന് സുരേന്ദ്രന്‍ യോഗത്തില്‍ പറഞ്ഞു. അച്ചടക്കം ഉറപ്പാക്കി ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പാര്‍ട്ടി നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന മുന്നറിയിപ്പാണ് സുരേന്ദ്രന്‍ നല്‍കുന്നത്.

തെരഞ്ഞെടുപ്പുകളിൽ ബൂത്ത് തലം മുതല്‍ ഇനി ബിജെപി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇതിനായി പ്രത്യേക സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ട്. ബൂത്തുകളുടെ പ്രവര്‍ത്തനം, ഹാജര്‍ എന്നിവ രേഖപ്പെടുത്തും. വീഴ്ച കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. കേരളത്തില്‍ പാര്‍ട്ടി ജനപിന്തുണ ഇനിയും ആര്‍ജിക്കേണ്ടതുണ്ടെന്ന യാഥാര്‍ത്ഥ്യം മനസിലാക്കി ഇതിനായി പദ്ധതികള്‍ തയ്യാറാക്കാനാണ് തീരുമാനം.