അബദ്ധം ആവർത്തിക്കരുത്; കൂറുമാറ്റം തടയാൻ ‘മിഷൻ എംഎൽഎ’യുമായി കോൺഗ്രസ്

single-img
7 March 2022

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കൂറുമാറ്റം തടയാൻ മുൻകരുതൽ നടപടികളുമായി കോൺഗ്രസ് ഇപ്പോൾ തന്നെ രംഗത്തെത്തി. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിൽ ഗോവയിൽ കേവല ഭൂരിപക്ഷം നേടിയിട്ടും കോൺഗ്രസിന് സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ അബദ്ധം ആവർത്തിക്കാതിരിക്കാനാണ് കോൺഗ്രസ് ശ്രമം.

ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ പാർട്ടിയുടെ ഉന്നത നേതാക്കളെ നിരീക്ഷകരായി അയച്ചിട്ടുണ്ട്. ഫല പ്രഖ്യാപന ശേഷം ഇവിടങ്ങളിൽ തൂക്കുസഭകൾ വരികയാണെങ്കിൽ എത്രയും വേഗം സഖ്യചർച്ചകൾ പൂർത്തിയാക്കാനും പെട്ടെന്ന് തീരുമാനമെടുക്കാനുമാണ് പാർട്ടി ഈ നേതാക്കളെ നിയോഗിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ വിവിധ തന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നിരവധി യോഗങ്ങളും നടന്നിരുന്നു.

ഏതാനുംആഴ്ചകൾക്ക് മുമ്പ് കോൺഗ്രസ് സ്ഥാനാർഥികളെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചിരുന്നു. സംസ്ഥാനങ്ങളിൽ അധികാരത്തിനായുള്ള വിലപേശലുകൾ ആരംഭിക്കുമ്പോൾ എം.എൽ.എമാരെ പിടിച്ചുനിർത്താൻ ഇത് മതിയാവില്ലെന്ന് മനസിലാക്കിയാണ് കോൺഗ്രസിന്റെ പുതിയ നീക്കം. ഗോവക്ക് പുറമെ പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ എന്നിവിടങ്ങളിലും കോൺഗ്രസ് ‘മിഷൻ എംഎൽഎ’ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.