നാടിനെ പിറകോട്ടടിക്കാൻ ശ്രമിക്കുന്നവരാണ് കെ റെയിലിനെ എതിർക്കുന്നത്: മുഖ്യമന്ത്രി

single-img
4 March 2022

കേന്ദ്രസർക്കാരിന് കേരളത്തോട് വിപ്രതിപത്തിയെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. സംസ്ഥാനത്തിന്റെ കാലാനുസൃത വികസനം തടയുന്ന സമീപനമാണ് കേന്ദ്ര ഭരണകക്ഷി സ്വീകരിക്കുന്നതെന്നും ബി ജെ പി യോടൊപ്പം ചേർന്ന് കേരളത്തിലെ പ്രതിപക്ഷം നാടിൻ്റെ വികസനത്തിന് തുരങ്കം വെയ്ക്കുന്നുവെന്നും സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.

കെ റെയിൽ പദ്ധതി നാടിൻ്റെ വികസനത്തിന് അനിവാര്യമാണെന്നും നാടിനെ പിറകോട്ടടിക്കാൻ ശ്രമിക്കുന്നവരാണ് കെ റെയിലിനെ എതിർക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും ജനങ്ങളോടൊപ്പം നിന്ന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേരളത്തിൻ്റെ വികസന നയരേഖ ഇടതുമുന്നണിയിൽ ചർച്ച ചെയ്യുമെന്നും ശേഷം പൂർണ്ണമായ തോതിൽ നയരേഖ നാടിനു മുന്നിൽ സമർപ്പിക്കുമെന്നും അത് ജനങ്ങളുടെ രേഖയായി മാറുമെന്നും മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സ്ഥാപനങ്ങൾ കേരളത്തിൽ ഉയർന്നുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.പുറത്തു നിന്നുള്ളവർ കൂടിഇതോടെ കേരളത്തിലേക്ക് പഠിക്കാൻ വരുമെന്നും ഭാവി കേരളം ശരിയായ രീതിയിൽ രൂപപ്പെടുന്നതിന് ആവശ്യമാണിതെല്ലാമെന്നും അദ്ദേഹം പറഞ്ഞു.