ഫോണിൻ്റെ ഉടമയെ മോർച്ചറിയിലേക്ക് കൊണ്ടുപോകുകയാണ്; ഇന്ത്യൻ വിദ്യാർഥിയുടെ മരണവിവരം അറിയിച്ചത് ഉക്രൈൻ യുവതി

single-img
1 March 2022

ഉക്രൈനിലെ കാർക്കീവിൽ റഷ്യൻ ആക്രമണത്തിൽ മെഡിക്കൽ വിദ്യാർത്ഥി നവീൻ ശേഖരപ്പ ജ്ഞാനഗൗഡര്‍ (22) കൊല്ലപ്പെട്ടത് ഭക്ഷണത്തിനായി ക്യൂവിൽ നിൽക്കുമ്പോഴെന്ന് വിവരം. ആവശ്യമായ ഭക്ഷണത്തിനും പണത്തിനുമായി ബങ്കറിൽ നിന്നും പുറത്തു പോകുന്നതിനു മുമ്പ് നവീൻ പിതാവ് ശേഖര ഗൗഡയുമായി സംസാരിച്ചിരുന്നു. ക‍ര്‍ണാടകയിൽ നിന്നുതന്നെയുള്ള മറ്റ് ചില വിദ്യാ‍ര്‍ത്ഥികൾക്കൊപ്പമാണ് നവീൻ ബങ്കറിൽ കഴിഞ്ഞിരുന്നത്.

ഉക്രൈനിലെ കാ‍ര്‍ക്കീവ് നാഷ്ണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അവസാന വ‍ര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു നവീൻ. ബന്ധുക്കൾ വിളിച്ചപ്പോൾ ഒരു ഉക്രൈൻ വനിത ഫോൺ എടുത്തപ്പോഴാണ് നവീൻ കൊല്ലപ്പെട്ട വിവരം അറിഞ്ഞതെന്ന് കാര്‍ക്കീവിലെ സ്റ്റുഡന്റ് കോഡിനേറ്ററായ പൂജ പ്രഹരാജിനെ ഉദ്ദരിച്ച് ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോ‍ര്‍ട്ട് ചെയ്തു.

കൊല്ലപ്പെട്ട നവീന്റെ ശരീരം മോ‍ര്‍ച്ചറിയിലേക്ക് കൊണ്ടുപോകുകയാണെന്ന് ഫോൺ എടുത്ത സ്ത്രീ പറഞ്ഞു. ഭക്ഷണത്തിനായി നവീൻ രണ്ട് മണിക്കൂറോളം ക്യൂവിൽ നിന്നതായി പൂജ പറയുന്നു. അതേസമയം, നവീൻ റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു എന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. നവീന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.