ഉക്രൈനിൽനിന്ന്‌ ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടു

single-img
26 February 2022

റൊമേനിയയിലുള്ള ബുക്കാറെസ്റ്റിൽ നിന്നും ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടു. 219 യാത്രക്കാരെ വഹിച്ചാണ് എയർ ഇന്ത്യയുടെ വിമാനം ഇന്ത്യയിലെത്തുന്നത്. ഇന്ന് രാത്രി ഒൻപതു മണിക്ക് വിമാനം മുംബൈയിലെത്തുമെന്നാണ് വിവരം.

ഇതിലുള്ള യാത്രക്കാരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം വിമാനത്താവളത്തിൽ പൂർത്തിയായിട്ടുണ്ട്. ഇതിനായി കേന്ദ്ര മന്ത്രിമാരടക്കമുള്ളവർ വിമാനത്താവളത്തിലെത്തുമെന്നാണ് സൂചന. യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യവും സൗജന്യ ഭക്ഷണം അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും എയർപോർട്ട് അതോറിറ്റി ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് കോവിഡ് പരിശോധന സൗജന്യമായി നടത്താനുള്ള നടപടിയും എയർപോർട്ട് അതോറിറ്റി കൈക്കൊണ്ടിട്ടുണ്ട്.

ആദ്യ വിമാനത്തിൽ ഏതാണ്ട് ഇരുപതോളം മലയാളികളുണ്ടെന്നാണ് വിവരം. ഇതിനു പുറമെ ഇന്ന് ഉച്ചയ്ക്ക് 11.45 ന് ഡൽഹിയിൽ നിന്നും ബുക്കാറെസ്റ്റിലേക്ക് വിമാനം പുറപ്പെട്ടിരുന്നു. ഈ വിമാനം ഇന്ന് രാത്രിയോടു കൂടി തന്നെ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ബുക്കാറെസ്റ്റ് കേന്ദ്രീകരിച്ചുള്ള ഇന്ത്യയുടെ രക്ഷാദൗത്യം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.