കാവി കണ്ണിന് കുളിര്‍മയേകുന്ന നിറം; ഏകസിവില്‍ കോഡ് ആരുടെയും അവകാശങ്ങള്‍ ഹനിക്കുന്നില്ല: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

single-img
14 February 2022

കർണാടകയിൽ ഉണ്ടായ ഹിജാബ് വിഷയത്തിന് പിന്നാലെ ഇപ്പോൾ ഏക സിവില്‍ കോഡ് സംബന്ധിച്ച ചര്‍ച്ചകള്‍ രാജ്യമാകെ പുരോഗമിക്കുമ്പോള്‍ അനുകൂല പ്രതികരണവുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ . താൻ ഒരു രാഷ്ട്രീയ വിവാദത്തിനും ഭാഗമാവാനില്ലെന്ന് വ്യക്തമാക്കി വിഷയത്തോട് പ്രതികരിച്ച ഗവര്‍ണര്‍ മുസ്ലീം ലീഗിനെ പേരെടുത്ത് വിമര്‍ശിക്കുകയും ചെയ്തു.

കാവി എന്നത് തനിക്ക് കണ്ണിന് വളരെ കുളിര്‍മയേകുന്ന നിറമാണെന്ന് പറഞ്ഞ ഗവര്‍ണര്‍ പച്ച മുസ്ലീമിന്റെ നിറമല്ലെന്നും പറയുകയുണ്ടായി.കേരളത്തിൽ മുസ്ലീം ലീഗ് തന്നെ ഇസ്ലാം വിരുദ്ധനാക്കാന്‍ ശ്രമിക്കുകയാണ് എന്ന് പറഞ്ഞ അദ്ദേഹം ഏകസിവില്‍ കോഡ് ആരുടെയും അവകാശങ്ങള്‍ ഹനിക്കുന്നില്ലെന്നും അവകാശപ്പെട്ടു.

രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പായാല്‍ വിവാഹ നിയമങ്ങള്‍ എല്ലാ വിഭാഗത്തിനും ഏകീകരിക്കപ്പെടുമെന്നും മുസ്ലീം വിവാഹങ്ങളില്‍ മെഹറാണ് പ്രധാനം. മുസ്ലീം വിവാഹങ്ങളില്‍ എത്രപേര്‍ കൃത്യമായി മെഹര്‍ കൊടുക്കുന്നുണ്ടെന്നും ഗവര്‍ണര്‍ ചോദിച്ചു. ഈ കാര്യങ്ങൾ താന്‍ സംസാരിക്കുന്നത് ഖുര്‍ആന്‍ അടിസ്ഥാനമാക്കിയാണെന്നും ഏഷ്യാനെറ്റിൽ നൽകിയ അഭിമുഖത്തിൽ ഗവര്‍ണര്‍ വ്യക്തമാക്കി.