ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കിയ തീരുമാനം; പ്രതിഷേധവുമായി അധ്യാപക സംഘടനകള്‍

single-img
13 February 2022

സംസ്ഥാനത്തെ സ്‌കൂളുകളിൽ ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കിയ തീരുമാനത്തിനെതിരെ അധ്യാപക സംഘടനകള്‍. സർക്കാർ ഒരു തീരുമാനമെടുത്ത ശേഷം അധ്യാപക സംഘടനകളുടെ യോഗം വിളിക്കുന്നത് ശരിയായില്ലെന്നാണ് സംഘടനകള്‍ ആരോപിക്കുന്നത് .

വിഷയത്തിൽ നിലവിൽ കെഎസ്ടിഎ ഒഴികെയുള്ള അധ്യാപക സംഘടനകളാണ് പ്രതിഷേധം അറിയിച്ചത്. അതേസമയം, സാധാരണപോലെ വൈകീട്ട് വരെ ക്ലാസ് നീട്ടുമ്പോള്‍ ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കുന്നത് പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന കെപിഎസ് ടി എ ആവശ്യപ്പെട്ടു.

സർക്കാരിന്റെ നയപരമായ തീരുമാനങ്ങള്‍ ഏകപക്ഷീയമായി എടുക്കുന്നുവെന്നാണ് സിപിഐ സംഘടന എകെഎസ്ടിയുവിന്റെ പ്രതികരണം. നിലവിൽ കേരളത്തിൽ നാളെ മുതല്‍ സ്‌കൂളുകള്‍ തുറക്കുകയാണ്. നാളെ മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ ഉച്ചവരെയായിരിക്കും.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇനി മുതല്‍ അവധി ദിവസങ്ങളൊഴികെ ശനിയാഴ്ചകളിലും ക്ലാസുകളുണ്ടായിരിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം. 21 മുതല്‍ മുഴുവന്‍ ക്ലാസുകളും വൈകീട്ട് വരെയുണ്ടാകും.