ഹിജാബ് വിവാദം: ദേശീയ പതാക ഉയർത്തുന്ന കോളേജ് കൊടിമരത്തില്‍ കാവിക്കൊടി ഉയര്‍ത്തി സംഘപരിവാര്‍

single-img
8 February 2022

കര്‍ണാടകയിലെ കോളേജുകളിലെ ഹിജാബ് വിവാദങ്ങള്‍ക്കിടെ ഷിമോഗയിലുള്ള ഒരു കോളേജില്‍ രാജ്യത്തിന്റെ ദേശീയ പതാക ഉയര്‍ത്തുന്ന കൊടിമരത്തില്‍ കാവിക്കൊടി കെട്ടി സംഘപരിവാർ അനുകൂല വിദ്യാര്‍ത്ഥി. ഷിമോഗയിലുള്ള സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളേജ് ക്യാമ്പസിലായിരുന്നു സംഭവം.

കൊടിമരത്തില്‍ കയറികാവി നിറമുള്ള പതാക ഉയര്‍ത്തുന്ന വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാജ്യത്തിന്റെ റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യ ദിനത്തിലും ദേശീയ പതാക ഉയര്‍ത്തുന്ന കോളേജ് ക്യാമ്പസിലെ കൊടിമരത്തിലാണ് പ്രതിഷേധിച്ചെത്തിയവരില്‍ ഒരാള്‍ കാവിക്കൊടി ഉയര്‍ത്തിയത്.

കോളേജ് ക്യാമ്പസില്‍ ഹിജാബ് അനുവദിക്കുന്നതിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു വിദ്യാര്‍ത്ഥി തൂണില്‍ കയറി കാവി പതാക ഉയര്‍ത്തിയത്. ഈ സംഭവത്തോട് പ്രതികരിച്ചുകൊണ്ട് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ രംഗത്തെത്തുകയുണ്ടായി. ‘കര്‍ണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്ഥിതി കൈവിട്ടുപോയിരിക്കുന്നുവെന്നും ഇതുപോലുള്ള സാഹചര്യത്തിലാണ് ദേശീയ പതാകയ്ക്ക് പകരം കാവി പതാക സ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കുന്നതുവരെ ഒരാഴ്ച്ചത്തേക്ക് ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണമെന്നും അതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരണമെന്നും ഡി കെ ശിവകുമാര്‍ അഭിപ്രായപ്പെട്ടു.