പിഎം കെയർ ഫണ്ടിലേക്ക് ലഭിച്ചത് 10,990 കോടി ; 64 ശതമാനവും ചെലവഴിച്ചില്ല

single-img
8 February 2022

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2020 മാർച്ച് 27 മുതൽ 2021 മാർച്ച് 31 വരെയുള്ള കാലയളവിൽ രാജ്യത്തെ പിഎം കെയറുകൾ സമാഹരിച്ച തുകയിൽ 64 ശതമാനവും വിനിയോഗിച്ചിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൊവിഡിനെതിരായ ശക്തമായ പോരാട്ടത്തിനായി രൂപവത്കരിച്ച പിഎം കെയർ ഫണ്ട് മുഖേന ഈ കാലയളവിൽ 3,976 കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. പിന്നാലെയുള്ള 2021 സാമ്പത്തിക വർഷത്തിൽ സംഭാവനകളും മറ്റുമായി 7,679 കോടി രൂപ ലഭിച്ചു.

2020 സാമ്പത്തിക വർഷത്തിലെ 3,077 കോടി രൂപയും ഫണ്ടിൽ അവശേഷിച്ചിരുന്നു. 235 കോടി രൂപയാണ് പലിശ ഇനത്തിൽ ലഭിച്ചത്. എന്നാൽ കഴിഞ്ഞ വർഷം മാർച്ച് വരെ 3,976 കോടി രൂപ മാത്രമാണു കേന്ദ്രം ചെലവാക്കിയത്.

ഇതിൽ 6.6 കോടി ഡോസ് കോവിഡ് വാക്‌സീൻ വാങ്ങാനായി 1,392 കോടി രൂപ ഉപയോഗിച്ചു. 5000 വെന്റിലേറ്ററുകൾ വാങ്ങാൻ 1,311 കോടി രൂപ ഉപയോഗിച്ചു. പക്ഷെ ഒന്നിലധികം അവസരങ്ങളിൽ പിഎം കെയർ ഫണ്ട് ഉപയോഗിച്ചു വാങ്ങിയ വെന്റിലേറ്ററുകൾ തകറാറിലായതോ അല്ലെങ്കിൽ പരിശീലനം ലഭിച്ച ജീവനക്കാരുടെ കുറവു മൂലം ഉപയോഗിക്കാനാകാതെ വരികയോ ചെയ്തു. രാജ്യത്തെ കുടിയേറ്റ വിഭാഗത്തിന്റെ ക്ഷേമ പ്രവർത്തനങ്ങൾക്കായി 1,000 കോടി രൂപ മാത്രമാണു നീക്കിവച്ചത്.