ചെറാട് മലയിൽ രക്ഷാദൗത്യത്തിന് കരസേനയും എത്തുന്നു; ദൗത്യം വളരെ ദുഷ്കരമെന്ന് റവന്യു മന്ത്രി

single-img
8 February 2022

മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ദൗത്യം വളരെ ദുഷ്കരമെന്ന് റവന്യു മന്ത്രി കെ രാജൻ .ഇനി രക്ഷാദൗത്യത്തിന് പുല്ലൂരിൽ നിന്നുള്ള കരസേനയും എത്തും. നിലവിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്ടർ ഇന്നിനി പോകില്ല, സന്ധ്യയാകുന്നതിനാലാണ് പോകാനാകാത്തത്.

കുടുങ്ങിയ യുവാവിന് ഭക്ഷണവും വെളളവും ഹെലികോപ്ടറിൽ എത്തിക്കുന്നതിന്‍റെ സാധ്യതയും ആരാഞ്ഞു. എന്നാൽ കടുത്ത കാറ്റ് തടസമെന്നാണ് കൊച്ചിയിലെ നാവിക സേനാ ബ്രീഫിങ്ങിൽ വിലയിരുത്തൽ ഉണ്ടായത്. എൻഡിആർഎഫിൻറെ രണ്ട് സംഘങ്ങൾ 700 ഉം 500 ഉം ദൂരപരിധിയിലുണ്ട്. മലപ്പുറം ആൻറി ടെററിസ്റ്റ് സ്ക്വാഡിൽ നിന്നും പർവതാരോഹണത്തിൽ വിദ​ഗ്ധരായ സംഘമെത്തും.

ജില്ലാ കളക്ടർ രക്ഷാപ്രവർത്തനം ഏകോപിപിക്കുമെന്നും മന്ത്രി പറഞ്ഞു.ചെങ്കുത്തായ കൂർമ്പാച്ചി മലയിലാണ് യുവാവ് കുടുങ്ങിയത്. യുവാവിനെ ഹെലികോപ്ടർ ഉപയോഗിച്ച് താഴെയിറക്കാൻ നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല. കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്റ്റർ മലയിലേക്ക് എത്തിയെങ്കിലും ശക്തമായ കാറ്റ് മൂലം യുവാവിന് അരികിലേക്ക് എത്താനോ നിയന്ത്രിച്ചുനിർത്താനോ സാധിച്ചില്ല.

ഇതേ തുടർന്ന് ഹെലികോപ്റ്റർ കഞ്ചിക്കോട്ടേക്ക് തിരിച്ചു പോയി. ഹെലികോപ്റ്റർ ഉപയോഗിച്ച് തന്നെ ബാബുവിന് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടത്തുന്നത്. ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള ആദ്യ രക്ഷാപ്രവർത്തനം പരാജയപ്പെട്ട സാഹചര്യത്തിൽ ഇനി കോഴിക്കോട് നിന്നും പർവ്വതാരോഹകസംഘത്തെ എത്തിച്ച് രക്ഷാപ്രവർത്തനം നടത്തുവാനാണ് ആലോചിക്കുന്നത്.

ചെറാട് സ്വദേശി ബാബുവാണ് ഇന്നലെ മലയിലെ പാറയിടുക്കിൽ കുടുങ്ങിയത്. ഇയാളും 2 സുഹൃത്തുക്കളും മലയിലേക്ക് ഇന്നലെ രാവിലെയാണ് കയറിയത്. സുഹൃത്തുക്കൾ തിരിച്ചു ഇറങ്ങുകയും ഇയാൾ മലയിൽ കുടുങ്ങുകയും ആയിരുന്നു.