2019-2020 വര്‍ഷം രാജ്യത്തെ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള രാഷ്ട്രീയപാര്‍ട്ടി ബിജെപി

single-img
29 January 2022

2019-2020 സാമ്പത്തിക വർഷം രാജ്യത്തെ ദേശീയ രാഷ്ട്രീയപാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ സ്വത്ത് ബിജെപിക്ക് എന്ന് റിപ്പോർട്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോം റിപ്പോർട്ടിൽ 4847.78 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ ബിജെപിക്ക് ഉണ്ടായിരുന്നതായി പറയുന്നു.

ബിജെപി സ്വയം വെളിപ്പെടുത്തിയ സ്വത്ത്വുവിവര കണക്കുകളാണ് ഈ റിപ്പോര്‍ട്ടിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ദേശീയ തലത്തിൽ രാഷ്ട്രീയ പാര്‍ട്ടികളുടെ ആകെ സ്വത്തില്‍ 70 ശതമാനവും ബിജെപിക്കാണ് ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ ബിജെപിക്ക് തൊട്ടുപിന്നിൽ ബിഎസ്പിയാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്.

ഏകദേശം 698.33 കോടി രൂപയുടെ സ്വത്തുക്കളാണ് ബിഎസ്പിക്കുള്ളത്. മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസിനാവട്ടെ 588.16 കോടി രൂപയുടെതും.ഇതേ വര്‍ഷത്തില്‍, ഏഴ് ദേശീയ പാര്‍ട്ടികളുടെയും 44 പ്രാദേശിക പാര്‍ട്ടികളുടെയും ആസ്തി വിവരങ്ങളടങ്ങിയതാണ് റിപ്പോര്‍ട്ട്. ഏഴ് ദേശീയ പാര്‍ട്ടികളുടെ സ്വത്ത് 6988.57 രൂപ വിലമതിക്കുന്നതും 44 പ്രാദേശിക പാര്‍ട്ടികളുടെ സ്വത്ത് 2129.38 കോടി രൂപയുടെതുമാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.