കെ റെയിൽ: പദ്ധതിക്കായി കേന്ദ്ര ബജറ്റില്‍ പിന്തുണതേടി കേരളം

single-img
27 January 2022

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതിക്കായി കേന്ദ്ര ബജറ്റില്‍ പിന്തുണതേടി കേരളം. കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്ന ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ കേന്ദ്രധനമന്ത്രി നിര്‍മലാസീതാരാമന് മുന്നില്‍ കേരളം സമർപ്പിച്ചു.

ഇതോടൊപ്പം തന്നെ കൊവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യം പരിഗണിച്ചുവേണം ബജറ്റിലെ ബജറ്റിലെ പ്രഖ്യാപനങ്ങളെന്നതാണ് പ്രധാന ആവശ്യം. കൊവിഡ് കാലത്തെ സാമ്പത്തികമാന്ദ്യം മറികടക്കാന്‍ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന മന്ത്രി പറഞ്ഞു. കൊവിഡ് വൈറസ് വ്യാപന സാഹചര്യത്തില്‍ നാഷണല്‍ ഹെല്‍ത്ത് മിഷനെ നൂറുശതമാനം കേന്ദ്രം ഫണ്ട് ചെയ്യുന്ന പദ്ധതിയാക്കി മാറ്റണം.

കേന്ദ്ര സർക്കാർ ആവിഷ്ക്കരിക്കുന്ന പദ്ധതികളിലെ കേന്ദ്ര സര്‍ക്കാരിന്‍റെ വിഹിതം ഉയര്‍ത്തണം. ജിഎസ്ടി നഷ്ടപരിഹാരം അഞ്ചുവര്‍ഷത്തേക്കുകൂടി നീട്ടണം. നികുതി വിഹിതം വെട്ടിക്കുറച്ചതുവഴി കേരളത്തിനുണ്ടായ നഷ്ടം നികത്തിതരണം. റവന്യൂ ഡെഫിസിറ്റ് ഗ്രാന്‍റ് പോലെയുള്ള സഹായങ്ങള്‍ തുടരുകയും വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

തൊഴിലുറപ്പ് ദിനങ്ങളുടെ എണ്ണവും കൂലിയും വര്‍ധിപ്പിക്കണമെന്നും കാര്‍ഷിക, ചെറുകിട വ്യവസായമേഖലകള്‍ക്കായി സംസ്ഥാനാടിസ്ഥാനത്തില്‍ പ്രത്യേക പാക്കേജ് വേണമെന്നും കേരളം ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനമാകാന്‍ കൂടി ഉദ്ദേശിച്ചുള്ള സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ട അനുമതികള്‍ നല്‍കണം. വന്‍കിട അടിസ്ഥാനസൗകര്യപദ്ധതികള്‍ക്കായി വിപണിയില്‍ നിന്ന് എടുക്കുന്ന വായ്പകളെ ധനകാര്യ ഉത്തരവാദിത്വനിയമത്തില്‍ നിന്ന് ഒഴിവാക്കി തരണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.