പബ്ജി കളിക്കുന്നവർക്ക് 6 ലക്ഷം രൂപ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് അമേരിക്കയിലെ കോളേജുകൾ

single-img
22 January 2022

അന്താരാഷ്‌ട്ര തലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന ഇ-സ്‌പോർട്ട്‌സ് മേഖലയാണ് പബ്‌ജി എന്ന് മനസിലാക്കി യുഎസിൽ നിന്ന് 175 കോളേജുകൾ പുതിയ തീരുമാനത്തിൽ എത്തിയിരിക്കുന്നു . കാരണം, ഇവർ ഗെയിമുകൾ കളിക്കുന്ന വിദ്യാർഥികൾക്ക് വൻതുക സ്‌കോളർഷിപ്പായി നൽകാനാണ് തീരുമാനം എടുത്തത്. യുഎസിലെ പെൻസിൽവേനിയ സംസ്ഥാനത്തെ ആർക്കേഡിയ സർവ്വകലാശാല ഒരു വർഷം 18.6 ലക്ഷം രൂപയാണ് ഇത്തരം ഗെയിമുകൾ കളിക്കുന്ന വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പായി നൽകുന്നത്.

മാത്രമല്ല, തങ്ങളുടെ വിദ്യാർഥികൾക്ക് ഗെയിം കളിക്കാനായി 1500 ചതുരശ്ര അടി വലുപ്പമുള്ള ലാബാണ് ഈ സർവ്വകലാശാല നിർമിച്ചിരിക്കുന്നത്. ‘ലീഗ് ഓഫ് ലെജൻഡ്‌സ്’, ‘റോക്കറ്റ് ലീഗ്’, ‘ഓവർവാച്ച്’ എന്നിവ കളിക്കാനായി 36 കംപ്യൂട്ടറുകളും ഗെയിമിങ് കൺസോളുകളും ഈ ലാബിലുണ്ട് എന്നത് പ്രത്യേകതയാണ്.

ഇതോടൊപ്പം തന്നെ വിദ്യാർഥികളെ പരിശീലിപ്പിക്കാനായി വൻതുക പ്രതിഫലം നൽകി പ്രഫഷണൽ ഗെയിമർമാരുടെ സേവനവും സർവ്വകലാശാല സ്വീകരിക്കുന്നുണ്ട്. ഇതിനായി ഓരോ വർഷവും 30 വിദ്യാർഥികൾക്കാണ് ആർക്കേഡിയ സർവ്വകലാശാല സ്‌കോളർഷിപ്പ് നൽകുന്നത്. നാലു വർഷമാണ് ഒരാൾക്ക് സ്‌കോളർഷിപ്പ് നൽകുക. സമാനമായി ഷിക്കാഗോയിലെ റോബർട്ട് മോറിസ് എന്ന് പേരുള്ള സർവ്വകലാശാല 14 ലക്ഷവും ഇന്ത്യാനയിലെ വാൽപരൈസോ സർവ്വകലാശാല 10.4 ലക്ഷം രൂപയും ഒഹിയോ സർവ്വകലാശാല 8.9 ലക്ഷം രൂപയും നെബ്രാസ്‌കയിലെ ബെല്ലെവ്യൂ സർവ്വകലാശാല 8.18 ലക്ഷവുമാണ് ഒരു വിദ്യാർഥിക്ക് സ്‌കോളർഷിപ്പ് നൽകുന്നത്.

ലോകമാകെയുള്ള ഇ-സ്‌പോർട്ട്‌സ് വിപണിയുടെ മൂല്യം ഇപ്പോൾ തന്നെ 7445 കോടി രൂപയിൽ അധികം വരുമെന്നാണ് റോളിങ്‌സ്‌റ്റോൺ മാഗസിനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നത്. അടുത്ത വർഷം ഇത് 14800 കോടി രൂപയിൽ അധികമാവും. 2019ലെ ഇന്റർനാഷണൽ 10 ഡോട്ട ചാമ്പ്യൻഷിപ്പിന്റെ ആകെ സമ്മാനത്തുക 252 കോടി രൂപയായിരുന്നു.

ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് വീഡിയോ ഗെയിമുകളെ കായിക ഇനമായി കാണണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. അമേരിക്കയിലെ തന്നെ മിന്നസോട്ട സംസ്ഥാനത്തെ കോൺകോർഡിയ സർവ്വകലാശാല 8.18 ലക്ഷം രൂപയാണ് വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പായി നൽകുന്നത്. ഇവിടെ കുട്ടികൾ പഠനത്തിന് ഒപ്പം ദിവസം ആറു മണിക്കൂറെങ്കിലും ഗെയിം കളിക്കണമെന്നും സർവ്വകലാശാല ആവശ്യപ്പെടുന്നു.

”ഉയരമോ ശരീരത്തിന്റെ വണ്ണമോ നിറമോ ലിംഗമോ ഒന്നും ബാധകമല്ലാതെ എല്ലാവർക്കും ഇ-സ്‌പോർട്ട്‌സിൽ പങ്കെടുക്കാം. ഈ കായിക ഇനം ആരോടും വിവേചനം കാണിക്കുന്നില്ല. ബുദ്ധിശക്തി ഉപയോഗിച്ചാണ് ആളുകൾ ഈ ഗെയിമിൽ വിജയിക്കുന്നത്.”– ലോഗൻ ഹെംസ് ചൂണ്ടിക്കാട്ടുന്നു. ‘ലീഗ് ഓഫ് ലെജൻഡ്‌സ്, ഓവർവാച്ച്, ഹെർത്ത്‌സ്‌റ്റോൺ, എൻ.ബി.എ 2കെ, റോക്കറ്റ് ലീഗ്’ എന്നിവ കളിക്കുന്നവർക്കാണ് കോൺകോർഡിയ സർവ്വകലാശാല സ്‌കോളർഷിപ്പ് നൽകുന്നത്.

ലീഗ് ഓഫ് ലെജൻഡ്‌സും ഓവർവാച്ചും കളിക്കുന്ന വിദ്യാർഥികൾക്ക് കാലിഫോർണിയ സർവ്വകലാശാല പ്രതിവർഷം 4.4 ലക്ഷം രൂപ വരെയാണ് സ്‌കോളർഷിപ്പ് നൽകുന്നത്. കളിക്കാരെ സഹായിക്കാൻ പരിശീലകരെയും മാനേജർമാരെയും അനലിസ്റ്റുകളെയും സർവ്വകലാശാല വിന്യസിച്ച് കഴിഞ്ഞു. കളിക്കാരുടെ ആരോഗ്യം ഉറപ്പാക്കാൻ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

ഫ്‌ളോറിഡയിലെ ഫുൾ സെയിൽ സർവ്വകലാശാല ഇ-സ്‌പോർട്‌സിൽ പങ്കെടുക്കുന്നവർക്ക് മാത്രമാണ് സ്‌കോളർഷിപ്പ് നൽകുന്നത്. വീഡിയോ ഗെയിം നിർമാണം, ഡിസൈൻ, ആനിമേഷൻ, വിർച്വൽ റിയാലിറ്റി തുടങ്ങിയവയാണ് അവിടെ പഠിപ്പിക്കുന്നത്. പതിനായിരത്തിൽ അധികം അടി വിസ്തീർണമുള്ള കൊട്ടാരം പോലുള്ള കെട്ടിടമാണ് ക്ലാസുകൾക്കായി നിർമിച്ചിരിക്കുന്നത്. ഒരു സമയം 500 പേർക്ക് ഗെയിം കളിക്കാനുള്ള സൗകര്യം ആ കൊട്ടാരത്തിലുണ്ട്.

ഗെയിം കളിക്കാനും പഠിപ്പാക്കാനുമായി 3000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പ്രത്യേക ലാബാണ് ഹവായ് പസിഫിക്ക് സർവ്വകലാശാല നിർമിച്ചിരിക്കുന്നത്. 2019ലെ വേനൽക്കാലത്ത് ഏഴിനും 15നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി പ്രത്യേക ഗെയിമിങ് ക്യാമ്പും സംഘടിപ്പിച്ചു. ‘ലീഗ് ഓഫ് ലെജൻഡ്‌സ്, ഡോട്ട2, സൂപ്പർ സ്മാഷ് ബ്രദേഴ്‌സ്, മെലീ, ഓവർ വാച്ച്, ഹീറോസ് ഓഫ് ദ സ്റ്റോം തുടങ്ങിയവ കളിക്കുന്ന വിദ്യാർഥികൾക്ക് പ്രതിവർഷം 4.4 ലക്ഷം രൂപയാണ് ഹവായ് പസിഫിക്ക് സർവ്വകലാശാല സ്‌കോളർഷിപ്പായി നൽകുന്നത്. ലീഗ് ഓഫ് ലെജൻഡ്‌സും ഓവർവാച്ചും കളിക്കുന്നവർക്ക് പ്രതിവർഷം 4.4 ലക്ഷം രൂപയാണ് ടെക്‌സാസ് സർവ്വകലാശാല സ്‌കോളർഷിപ്പ് നൽകുന്നത്.