ടെലി പ്രോംപ്റ്റര്‍ പണിമുടക്കിയതിൽ പ്രധാനമന്ത്രിയെ അവഹേളിച്ചു; അരുൺകുമാറിനെതിരെ ഗവര്‍ണര്‍ക്ക് ബിജെപിയുടെ പരാതി

single-img
20 January 2022

ടെലി പ്രോംപ്റ്റര്‍ പണിമുടക്കി പ്രസംഗം തടസ്സപ്പെട്ട പ്രധാനമന്ത്രിയെ കളിയാക്കി പരാമർശം നടത്തിയ കേരള യൂണിവേഴ്സിറ്റി പ്രൊഫസറും മാധ്യമപ്രവര്‍ത്തകനുമായ ഡോ. അരുണ്‍ കുമാറിനെതിരെ ബിജെപി വൈസ് പ്രസിഡന്റ് അഡ്വ.ബി ഗോപാലകൃഷ്ണന്‍ സംസ്ഥാന ഗവർണ്ണർക്ക് പരാതി നൽകി.

ടെലി പ്രോംപ്റ്റര്‍ പണിമുടക്കിയാല്‍ കാറ്റില്‍ ഉടു തുണി പാറിപ്പോയ അവസ്ഥയാണ് പറയുന്നത് എന്തെന്ന് അറിയാത്തവര്‍ക്ക് . ന്യൂസ് ഫ്ലോറുകളില്‍ ഇടയ്ക്കിടെ നോക്കാതെ പോയി ചിലര്‍ പണി വാങ്ങി വയ്ക്കാറുമുണ്ട് എന്ന് ആരംഭിക്കുന്ന കുറിപ്പാണു പരാതിക്ക് കാരണമായത്. കേരള യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും മാധ്യമപ്രവര്‍ത്തകനുമായ ഡോ. അരുണ്‍ കുമാര്‍ യുജിസി സ്‌കെയില്‍ ശമ്പളം വാങ്ങി ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ ജോലിയില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെ തെറ്റായ വിവരം നല്‍കുകയും തെറ്റിദ്ധാരണ പരത്തി അപമാനിക്കുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു.

ന്യൂസ് ഫ്ലോറുകളില്‍ ഇടയ്ക്കിടെ നോക്കാതെ പോയി ചിലര്‍ പണി വാങ്ങി വയ്ക്കാറുമുണ്ട്. പക്ഷെ അപ്പോള്‍ പോലും തപ്പിത്തടഞ്ഞ് എണീറ്റ് പോകാറുണ്ട്. ഇവിടെ നമ്മുടെ രാജ്യത്തിന്റെ ടെമ്പര്‍മെന്റിനെ കുറിച്ചും ടാലന്റിനെ കുറിച്ചും പാതി പറഞ്ഞിട്ട് പ്രോംപ്റ്ററടിച്ചു പോയപ്പോള്‍ ( Disputed by BJP sources and accused WEF for technical glitch) പറയാന്‍ ഒന്നുമില്ലാതെ പകച്ചു നില്‍ക്കുകയാണ് – എന്ന് അരുൺകുമാർ ഫേസ്ബുക്കിൽ എഴുതിയിരുന്നു. അതുകൊണ്ടുതന്നെ, ആളുകള്‍ തെറ്റ് ചൂണ്ടിക്കാണിച്ച് പോസ്റ്റിന് കമന്റടിച്ചിട്ടും അരുണ്‍ തിരുത്താന്‍ തയ്യാറായില്ല. വിവരം തെറ്റാണെന്ന് പ്രമുഖ പത്രങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിട്ടും അദ്ദേഹം പോസ്റ്റ് പിന്‍വലിക്കാന്‍ തയ്യാറാവാത്തത് കുറ്റകരമാണ് എന്നും പരാതിയിൽ പറയുന്നു.