കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തന്‍

single-img
14 January 2022

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ആരോപണ വിധേയനായ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തന്‍. അദ്ദേഹത്തെ കോടതി വെറുതെ വിടുകയായിരുന്നു. അതേസമയം, ദൈവത്തിന് സ്തുതിയെന്നായിരുന്നു വിധി കേട്ട ശേഷം ഫ്രാങ്കോയുടെ ആദ്യ പ്രതികരണം.

വിധി കേട്ട ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയ അദ്ദേഹം എല്ലാവരോടുമായി കൈകൂപ്പുകയായിരുന്നു. കോടതി മുറിയില്‍ നിന്ന് ഇറങ്ങിയ അദ്ദേഹം അഭിഭാഷകനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയും ചെയ്തു. കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി.ഗോപകുമാറാണ് വിധി പറഞ്ഞത്.

അടച്ചിട്ട കോടതി മുറിയില്‍ 105 ദിവസങ്ങൾനീണ്ട വിസ്താരത്തിനു ശേഷമാണ് കേസില്‍ വിധി വന്നത് . 2019 ഏപ്രില്‍ ഒൻപതാം തിയതികുറ്റപത്രം സമര്‍പ്പിച്ച കേസില്‍ നവംബര്‍ 30ന് വിചാരണ തുടങ്ങി. വാദങ്ങളും പ്രതിവാദങ്ങളും 2021 ഡിസംബര്‍ 29നാണു പൂര്‍ത്തിയായത്.

ആകെ 83 പേരാണ് സാക്ഷിപ്പട്ടികയിൽ ഉണ്ടായിരുന്നത്. ഇതില്‍ വിസ്തരിച്ച 39 പേരും പ്രോസിക്യൂഷന് അനുകൂലമായാണു മൊഴിനല്‍കിയത്. പ്രതിഭാഗം ഒന്‍പതു സാക്ഷികളെയാണു വിസ്തരിച്ചത്. അന്യായമായി തടഞ്ഞുവയ്ക്കല്‍, അധികാര ദുര്‍വിനിയോഗം നടത്തിയുള്ള ലൈംഗിക ദുരുപയോഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തല്‍, ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ചു തുടര്‍ച്ചയായി ബലാത്സംഗം ചെയ്യല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെ ഏഴ് സുപ്രധാന വകുപ്പുകളാണു ഫ്രാങ്കോയ്‌ക്കെതിരെ ചുമത്തിയത്. വൈക്കം ഡിവൈഎസ്‌പിയായിരുന്ന കെ സുഭാഷായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ കന്യാസ്ത്രീ 2018 ജൂണിലാണ് കുറവിലങ്ങാട് പൊലീസ് സ്‌റ്റേഷനിലും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയത്. കുറുവിലങ്ങാട്ടെ മഠത്തിലും മറ്റിടങ്ങളിലും വച്ച് 2014 മുതല്‍ 2016 വരെ 13 തവണ ഫ്രാങ്കോ മുളയ്ക്കല്‍ ബലാല്‍സംഗം ചെയ്‌തെന്നായിരുന്നു കേസ്.