പോലീസ് സമീപനങ്ങൾ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന രീതിയിൽ; വിമർശനവുമായി സിപിഎം പാലക്കാട് ജില്ലാ സമ്മേളനം

single-img
1 January 2022

പോലീസ് സമീപനങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി പാലക്കാട് സിപിഎം ജില്ലാ സമ്മേളനം. സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന സമീപനങ്ങൾ പൊലീസിൽ നിന്നുണ്ടാകുന്നു. നിയന്ത്രണമില്ലാത്ത വിധത്തിലാണ് ചിലയിടങ്ങളിൽ പൊലീസ് ഇടപെടലെന്ന് സമ്മേളനത്തിലെ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. ഇതോടൊപ്പം ജില്ലയിലെ വിവിധ ഏരിയാ സമ്മേളനങ്ങളിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനമാണ് പ്രതിനിധികള്‍ കഴിഞ്ഞ ദിവസം നടന്ന പൊതുചര്‍ച്ചയില്‍ ഉന്നയിച്ചത്.

നേരത്തെ ചെര്‍പ്പുളശ്ശേരിയില്‍ ഏരിയ സെക്രട്ടറിയടക്കം 13 കമ്മിറ്റിയംഗങ്ങളെ പരാജയപ്പെടുത്തിയതില്‍ പാര്‍ട്ടി തലത്തില്‍ അന്വേഷണം വേണമെന്നാണ് ഉയരുന്ന പ്രധാനപ്പെട്ട ആവശ്യം. ചെര്‍പ്പുളശ്ശേരി, കൊല്ലങ്കോട് തുടങ്ങിയ ഏരിയകളില്‍ ഔദ്യോഗിക പാനലിലെ പരാജയപ്പെടുത്തിയതിന് പിന്നില്‍ സംഘടിതമായ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നാണ് പ്രതിനിധികളുടെ ആരോപണം. നാളെയാണ് പുതിയ ജില്ലാ കമ്മിറ്റിയുടെയും സെക്രട്ടറിയുടെയും തെരഞ്ഞെടുപ്പ് നടക്കുക.