ഇന്ത്യയിൽ മാധ്യമപ്രവർത്തനത്തിന് മോശം സാഹചര്യം; അന്താരാഷ്‌ട്ര റിപ്പോർട്ട് അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി

single-img
22 December 2021

ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം കുറഞ്ഞുവരികയാണെന്ന അന്താരാഷ്‌ട്ര റിപ്പോർട്ട് അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. റിപ്പോർട്ട് തയ്യാറാക്കാൻ പ്രസാധകർ സ്വീകരിച്ച രീതി സംശയാസ്പദവും സുതാര്യമല്ലാത്തതുമാണെന്നാണ് അദ്ദേഹം വിശദീകരണം നൽകിയത്.
ഇന്ത്യയിൽ നിലവിൽ മാധ്യമപ്രവർത്തനത്തിന് മോശം സാഹചര്യമാണെന്നാണ് ആഗോള മാധ്യമ സ്വാതന്ത്ര്യ നിരീക്ഷണസംഘടന റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

ഫ്രാൻസിലെ പാരീസ് ആസ്ഥാനമായ സംഘടന ലോകവ്യാപകമായി 180 രാജ്യങ്ങളെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തിയതിൽ ഇന്ത്യ, 142ാം സ്ഥാനത്താണ്. ഈ റിപ്പോർട്ടാണ് ഇപ്പോൾ കേന്ദ്രസർക്കാർ അംഗീകരിക്കാൻ തയ്യാറാവാത്തത്. സംഘടനയുടെ റിപ്പോർട്ടിൽ ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങൾക്ക് പ്രാധാന്യം നൽകുന്നില്ലെന്നും പത്രസ്വാതന്ത്ര്യത്തിന്റെ വ്യക്തമായ നിർവചനം നൽകുന്നില്ലെന്നും ഠാക്കൂർ ആരോപണം ഉയർത്തി..

‘വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സ് ഒരു വിദേശ സർക്കാരിതര-ഓർഗനൈസേഷനായ റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് ആണ് പ്രസിദ്ധീകരിക്കുന്നത്. ഈ സർക്കാർ അതിന്റെ വീക്ഷണങ്ങളും രാജ്യ റാങ്കിംഗും സമ്മതിച്ചുകൊടുക്കില്ല. മാത്രമല്ല, ഈ സംഘടനയുടെ നിഗമനങ്ങളെയും അംഗീകരിക്കുന്നില്ല,’ അനുരാഗ് ഠാക്കൂർ പറഞ്ഞു.

ഇന്ത്യയിലെ മാധ്യമങ്ങൾക്കുമേൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിടിമുറുക്കുകയാണെന്നാണ് ഇന്ത്യയെക്കുറിച്ച് റിപ്പോർട്ടിൽ പ്രധാനമായും പറയുന്നത്. തങ്ങളുടെ ജോലി നിർവഹിക്കാൻ മാധ്യമപ്രവർത്തകർക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യയെന്നും 2019ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്ന തീവ്ര വലതുപക്ഷ ഹിന്ദു ആശയസംഹിതകൾക്ക് വഴങ്ങാൻ മാധ്യമങ്ങൾ സമ്മർദ്ദത്തിലാണെന്നും റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.