ചുവപ്പ് തൊപ്പിയിട്ടവർക്ക് അധികാരക്കൊതിയെന്ന് മോദി; ചുവപ്പ് വിപ്ലവത്തിന്‍റെയും മാറ്റത്തിന്‍റെയും നിറമാണെന്ന് അഖിലേഷ് യാദവ്

single-img
9 December 2021

ചുവപ്പ് തൊപ്പി ധരിച്ചവർക്ക് അധികാരക്കൊതി മാത്രമാണെന്നും, അഴിമതി നടത്താനും തീവ്രവാദികളെ ജയിലിൽ നിന്ന് മോചിപ്പിക്കാനുമാണ് ഇവർ അധികാരം ഉപയോഗിക്കുന്നതെന്നും പ്രസ്താവന നടത്തിയ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മറുപടിയുമായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്ത്.

ചുവപ്പ് എന്നത് വിപ്ലവത്തിന്‍റെയും, വികാരങ്ങളുടെയും, മാറ്റത്തിന്‍റെയും നിറമാണെന്ന് അഖിലേഷ് യാദവ് പ്രധാനമന്ത്രിക്ക് മറുപടി പറഞ്ഞു. ജനങ്ങളുടെ വികാരങ്ങൾ തിരിച്ചറിയാൻ ബിജെപിക്ക് കഴിയില്ല. യുപിയിൽ ഇക്കുറി മാറ്റം സംഭവിക്കാൻ പോവുകയാണെന്ന് അവർക്ക് അറിയാമെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.

ചുവപ്പ് നിറമുള്ള തൊപ്പി ഉത്തർപ്രദേശിലെ ജനങ്ങൾക്കുള്ള അപകട സൂചനയാണെന്നായിരുന്നു പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഗോരക്പൂറിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞത്. ഈ പ്രസ്താവനക്ക് പിന്നാലെ സമാജ് വാദി പാർട്ടി അംഗങ്ങൾ ഇന്നലെ പാർലമെന്‍റിൽ ചുവപ്പ് തൊപ്പി ധരിച്ച് എത്തിയിരുന്നു.