സാംസ്കാരിക നായകരൊന്നും മോഹൻലാലിന്റേയും സുരേഷ് ഗോപിയുടെയും സിനിമകൾ തകർക്കാൻ നടന്ന ആസൂത്രിത നീക്കങ്ങൾക്കെതിരെ മിണ്ടിയില്ല: സന്ദീപ് വാര്യർ

single-img
9 December 2021

മോഹൻലാലും സുരേഷ് ഗോപിയും അഭിനയിച്ച മരക്കാർ,കാവൽ എന്നീ സിനിമകളെ താഴ്ത്തിക്കെട്ടാനുള്ള ഒരു വിഭാഗം ആളുകളുടെ ശ്രമം മലയാള സിനിമാ ചരിത്രത്തിലെ കറുത്ത ഏടായി അവശേഷിക്കുമെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ. ഈ സിനിമകളുടെ ഡീഗ്രേഡിങ്ങിനെതിരെ വിമർശിച്ചും അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയുണ്ടായി.

കഴിഞ്ഞ വാരത്തിൽ കുഞ്ഞാലിമരക്കാരും കാവലും തീയറ്ററിൽ എത്തി ആദ്യ ഷോ പിന്നിടും മുൻപ് തന്നെ സിനിമയെ തകർക്കാനുള്ള പ്രചാരണങ്ങൾ തുടങ്ങിയിരുന്നു. സോഷ്യൽ മീഡിയയിൽ ടെലിഗ്രാം വഴി വ്യാജ പതിപ്പ് പ്രചരിപ്പിച്ചും മതവും രാഷ്ട്രീയവും പറഞ്ഞും മോഹൻലാലിനെയും സുരേഷ് ഗോപിയെയും താറടിച്ചു കാണിക്കുകയുണ്ടായി.

എന്നാൽ മോഹൻലാലിനെയും മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും വിലയിരുത്തേണ്ടത് കലാകാരന്മാർ എന്ന നിലക്കാവണം. അങ്ങിനെയല്ലാതെയുള്ള പരിശ്രമങ്ങൾ അപലപിക്കപ്പെടണം. വസ്തുതാപരമായ സിനിമാ വിമർശനങ്ങളാവാം. എന്നാൽ നല്ല സിനിമകളെയും തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ എതിർക്കപ്പെടണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ എഴുതി.

സംസ്ഥാനത്തെ പ്രമുഖ സാംസ്കാരിക നായകരൊന്നും തന്നെ മോഹൻലാലിന്റേയും സുരേഷ് ഗോപിയുടെയും സിനിമകൾ തകർക്കാൻ നടന്ന ആസൂത്രിത നീക്കങ്ങൾക്കെതിരെ ഒരക്ഷരം മിണ്ടിയില്ലെന്നും സന്ദീപ് രൂക്ഷവിമർശനമുന്നയിക്കുന്നുണ്ട്. എല്ലാത്തിലും അഭിപ്രായമുള്ള നമ്മുടെ മുഖ്യമന്ത്രി പോലും മൗനത്തിലാണെന്നും സന്ദീപ് കൂട്ടിച്ചേർക്കുന്നു.