തുടർച്ചയായി സംഭവിക്കുന്ന പൊലീസിന്‍റെ ഗുരുതര വീഴ്ചകൾ; ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഡിജിപി

single-img
8 December 2021

കേരളത്തിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്. വരുന്ന വെള്ളിയാഴ്ച തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്താണ് യോഗം ചേരുക. എല്ലാ ജില്ലകളിലെയും എസ്പി, ഡിഐജി, ഐജി, എഡിജിപി തുടങ്ങി ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.

ഇടപെടുന്ന പല കാര്യങ്ങളിലും തുടർച്ചയായി പൊലീസിന് വീഴ്ച പറ്റുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചിട്ടുള്ളത്. ഓരോ കേസിലും ഏത് രീതിയില്‍ ഇടപെടണമെന്ന വിശദമായ മാര്‍ഗ നിര്‍ദേശം പൊലീസിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ പുരവസ്തു തട്ടിപ്പ് കേസ്, ആലുവയിലെ നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീണിന്‍റെ ആത്മഹത്യക്കേസ് തുടങ്ങിയവയില്‍ പൊലീസിന്‍റെ ഗുരുതര വീഴ്ചകള്‍ അടുത്തിടെ ചര്‍ച്ചയായിരുന്നു.

പോലീസിന്റെ വീഴ്ചകൾ സംസ്ഥാന സര്‍ക്കാരിന്‍റെ വീഴ്ചയായി പൊതുവെ വിലയിരുത്തപ്പെടുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ണായക യോഗം വിളിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ജില്ലകളിലെ അദാലത്തില്‍ ഡിജിപി പങ്കെടുത്തിരുന്നു. അതിലെല്ലാം പല പരാതികളും ഉയര്‍ന്നുവന്നിരുന്നു.