ഡിവൈഎഫ്ഐയുടെ ഫുഡ് സ്ട്രീറ്റിന് പിന്തുണയുമായി സംഘ് പരിവാർ

single-img
24 November 2021

ഹലാൽ ഭക്ഷണ വിവാദത്തിൽ ഡിവൈഎഫ്.ഐ സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റിന് പിന്തുണയുമായി സംഘ് പരിവാർ നേതാക്കളും സഹയാത്രികരും. അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് മുൻ നേതാവ് പ്രതീഷ് വിശ്വനാഥ്, ശങ്കു ടി ദാസ്, ശ്രീജിത്ത് പണിക്കർ, ക്രിസ്ത്യൻ വലതുപക്ഷ സംഘടനയായ ‘കാസ’ എന്നിവയാണ് ഫുഡ് സ്ട്രീറ്റിന് പിന്തുണയർപ്പിച്ച് സമൂഹമാധ്യമങ്ങളിൽ രംഗത്തുവന്നത്.

‘ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ’ എന്ന മുദ്രാവാക്യവുമായി ജില്ലാകേന്ദ്രങ്ങളിലാണ് ഡിവൈഎഫ്ഐ ഫുഡ് സ്ട്രീറ്റ് ഇന്ന് സംഘടിപ്പിച്ചത്. ഹലാൽ ഭക്ഷ്യ വ്യവസായത്തിനെതിരെ സംഘ് പരിവാർ വിദ്വേഷപ്രചരണം നടത്തുന്നതിനിടെയാണിത്. സംഘ് പരിവാർ നേതാക്കൾ ഉയർത്തിയ വെല്ലുവിളിയുടെ പശ്ചാത്തലത്തിൽ ചില ജില്ലാകേന്ദ്രങ്ങളിൽ ബീഫ്, ചിക്കൻ, ബിരിയാണി തുടങ്ങിയവയ്‌ക്കൊപ്പം പന്നിയിറച്ചിയും ഫുഡ് സ്ട്രീറ്റിന്റെ ഭാഗമായിരുന്നു.

‘ഭക്ഷണത്തിൽ ഹലാലും, ഹലാലിൽ തുപ്പലും കലർത്തുന്നത് ആധുനിക സമൂഹത്തിന് ഉൾക്കൊള്ളാനാവാത്തതാണ്. ഭക്ഷണത്തിൽ മതം കൊണ്ട് വന്ന് ജനങ്ങളെ കൊണ്ട് കഫവും തുപ്പലും തീറ്റിക്കുന്ന മത ജീവികൾക്കെതിരായി ഡി.വൈ.എഫ്.ഐ പൊതു ബോധത്തെ ഉണർത്തുന്നത് തീർത്തും അഭിനന്ദനാർഹമാണ്…’ പ്രതീഷ് വിശ്വനാഥൻ ഫേസ്ബുക്കിൽ കുറിച്ചു. ഒരു ഹിന്ദുവോ ക്രൈസ്തവനോ അറുത്ത ഇറച്ചി കഴിച്ച് റഹീമും റിയാസും ഷംസീറും ഒക്കെ ഹലാൽ എന്ന അയിത്താചരണത്തിനെതിരെ രംഗത്തുവരിക തന്നെ വേണമെന്നും പ്രതീഷ് എഴുതി.

ചിക്കനും ബീഫും പന്നിയും ബിരിയാണിയും വിളമ്പി, ഭക്ഷണത്തിന് മതമില്ലെന്ന് തെളിയിച്ച ഡിവൈഎഫ്ഐ സമരസഖാക്കൾക്ക് ഹൃദയത്തിൽ നിന്നും അഭിവാദ്യങ്ങൾ!’ എന്നാണ് ചാനൽ ചർച്ചകളിലെ സംഘ്പരിവാർ മുഖമായ ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിൽ എഴുതിയത്. നേരത്തെ ഫുഡ് സ്ട്രീറ്റിൽ നോൺ ഹലാൽ പോർക്ക് വിന്താലു ഉൾപ്പെടുത്തണമെന്ന് ശ്രീജിത്ത് ട്രോളിട്ടിരുന്നു. സംഘ് പരിവാർ സഹയാത്രികരും വിദ്വേഷ പ്രചാരകരുമായ ‘ക്രിസ്ത്യൻ അസോസിയേഷൻ ആന്റ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ’ (കാസ) സംഘടനയുടം ഡിവൈഎഫ്.ഐക്ക് പിന്തുണ അറിയിച്ച് രംഗത്തുവന്നു.