കേരളത്തിൽ ഇന്നും തീവ്ര മഴ മുന്നറിയിപ്പ്; ആറ് ജില്ലകളിൽ ഓറ‍‌ഞ്ച് അലർട്ട് പ്രഖ്യാപിച്ചു

single-img
15 November 2021

കേരളത്തിൽ ഇന്നും തീവ്ര മഴ മുന്നറിയിപ്പ്. ഇതിനെ തുടർന്ന് ആറ് ജില്ലകളിൽ ഓറ‍‌ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

അതേസമയം, റെഡ് അലർട്ടിന് സമാനമായ ജാഗ്രത എല്ലാ ജില്ലകളിലും തുടരണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ്. ഒറ്റപ്പെട്ട വളരെ ശക്തമായ മഴയ്ക്കും തുടർച്ചയായ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മധ്യ, വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴി മൂലം പടിഞ്ഞാറൻ കാറ്റ് കേരളാ തീരത്ത് ശക്തമായതാണ് മഴ തുടരാൻ കാരണം. രണ്ട് ദിവസം കൂടി നിലവിലെ മഴ തുടരാനാണ് സാധ്യത. അതേസമയം, ബുധനാഴ്ചയോടെ അറബിക്കടലിൽ ഗോവ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമർദ്ദവും രൂപപ്പെട്ടേക്കും.