സർക്കാരിന് പുതിയ വെല്ലുവിളി; ശബരിമല ഡ്യൂട്ടിക്കില്ലെന്ന് മെഡിക്കൽ പിജി വിദ്യാർത്ഥികൾ

single-img
14 November 2021

ഇത്തവണ തങ്ങൾ ശബരിമല ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് സംസ്ഥാനത്തെ മെഡിക്കൽ പിജി വിദ്യാർത്ഥികൾ. തങ്ങളോട് കാട്ടുന്നത് കടുത്ത ചൂഷണമാണെന്ന് കുറ്റപ്പെടുത്തിയാണ് കേരള മെഡിക്കൽ പിജി അസോസിയേഷൻ കടുത്ത വിമർശനവുമായി ഇന്ന് രംഗത്ത് വന്നിരിക്കുന്നത്.

സംസ്ഥാന വ്യാപകമായി തുടരുന്ന ശക്തമായ മഴയും കൊവിഡ് വ്യാപനവും ശബരിമല തീർത്ഥാടനത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ പകർച്ച വ്യാധികൾക്ക് സാധ്യത വളരെ കൂടുതലാണ് ഇത്തവണയെന്നാണ് വിലയിരുത്തൽ. ഈ ഘട്ടത്തിൽ ഡോക്ടർമാരുടെ നിസ്സഹകരണ നീക്കം സർക്കാരിന് കൂടുതൽ വെല്ലുവിളിയാകും ഉയർത്തുക.

നിലവിലുള്ള ഒഴിവുകൾ നികത്താതെ സ്പെഷ്യലിസ്റ്റുകൾ എന്ന പേരിൽ തങ്ങളെ നിയമിച്ച് ചൂഷണം ചെയ്യുകയാണ് സർക്കാർ എന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു . ‘അവസാന രണ്ട് വർഷവും സംസ്ഥാനം കടുത്ത പ്രതിസന്ധി ഘട്ടത്തെ നേരിട്ടപ്പോൾ സ്പെഷാലിറ്റി പരിശീലന കാലം മുഴുവൻ ഇതിന് വേണ്ടി സമർപ്പിച്ചവരാണ് ഞങ്ങൾ. നീറ്റ് പിജി കൗൺസിലിങ് തുടങ്ങാത്തതിനാൽ രണ്ട് പിജി ബാച്ചുകൾ മാത്രമാണ് ഇപ്പോഴുള്ളത്. അതുകൊണ്ടുതന്നെ അധികപ്പണിയാണ് ഓരോ ദിവസവും ഞങ്ങൾ ചെയ്യുന്നത്. ആവശ്യമായ പിജി യോഗ്യതകളുള്ള ഡോക്ടർമാരെ ശബരിമല ഡ്യൂട്ടിക്ക് നിയമിക്കാതെ പിജി വിദ്യാർത്ഥികളെ നിയമിച്ച് ഗിമ്മിക്ക് കാട്ടുകയാണ് അധികാരികൾ,’- കേരള മെഡിക്കൽ പിജി അസോസിയേഷൻ ഭാരവാഹികളായ ഡോ അതുൽ അശോക്, ഡോ ആർ നവീൻ എന്നിവർ വാർത്താക്കുറിപ്പിൽ പറഞ്ഞു.