ജോജു ആദ്യം ഖേദം പ്രകടിപ്പിക്കട്ടെ; ജോജു – കോണ്‍ഗ്രസ് ഒത്തുതീര്‍പ്പ് ശ്രമം പരാജയത്തിലേക്ക്

single-img
5 November 2021

കൊച്ചിയിൽ ഇന്ധനവില വർദ്ധനവിനെതിരെ കോൺഗ്രസ് നടത്തിയ സമരത്തിനെതിരെ പ്രതിഷേധിച്ച നടൻ ജോജുവിന്റെ വാഹനം തകര്‍ത്ത കേസില്‍ ജോജു ജോര്‍ജ്ജ്-കോണ്‍ഗ്രസ് ഒത്തുതീര്‍പ്പ് ശ്രമം പരാജയത്തിലേക്ക് നീങ്ങുന്നു. പാർട്ടി നടത്തിയ ഒത്തു തീര്‍പ്പ് ശ്രമങ്ങളില്‍ നിന്ന് ജോജു പിന്മാറുന്നതായി തോന്നുന്നുവെന്ന് എറണാകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് മാധ്യമങ്ങളോട് പറഞ്ഞു.

നിലവിൽ സംഭവിച്ച കാര്യങ്ങളില്‍ ജോജു ആദ്യം ഖേദം പ്രകടിപ്പിക്കട്ടെയെന്നും കോൺഗ്രസ് പ്രസ്താവന പിന്‍വലിക്കുന്നത് അതിനുശേഷം ആലോചിക്കാമെന്നും ജോജുവിന്റെ അഭിഭാഷകന് മറുപടിയായി ഷിയാസ് അറിയിച്ചു.

ജോജുവിനോട് കോണ്‍ഗ്രസ് പരസ്യമായി മാപ്പ് പറഞ്ഞാല്‍ ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന സൂചനയാണ് ജോജുവിന്റെ അഭിഭാഷകന്‍ നേരത്തെ നല്‍കിയത്. ജോജുവിനെതിരെ കോൺഗ്രസിന്റെ നേതാക്കളും പ്രവര്‍ത്തകരും പരസ്യമായി ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കണം. നേതാക്കള്‍ നടത്തിയ വ്യക്തിപരമായ പരാമര്‍ശങ്ങളും പിന്‍വലിക്കണം. പൊതുജനമധ്യത്തില്‍ ആരോപിച്ച കാര്യങ്ങള്‍ പൊതുമധ്യത്തില്‍ തന്നെ പ്രസ്താവനയിലൂടെ പിന്‍വലിക്കണം തുടങ്ങിയ കാര്യങ്ങളാണ് ജോജു മുന്നോട്ടു വച്ചിരിക്കുന്നത്.